ന്യൂഡല്‍ഹി: ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ സച്ചിന്‍ പൈലറ്റിനെ തിരികെയെത്തിക്കാന്‍ അനുനയ നീക്കവുമായി വീണ്ടും കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ബിജെപിയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കാനും സ്വന്തം വീടായ ജയ്പൂരിലേക്ക് തിരികെയെത്താനും കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു.
‘ബിജെപിയില്‍ ചേരില്ലെന്ന സച്ചിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ഹരിയാനയിലെ ബിജെപി സര്‍ക്കാറിന്റെ സുരക്ഷയില്‍നിന്ന്, അവരോടുള്ള എല്ലാ ചര്‍ച്ചയും അവസാനിപ്പിച്ച് ജയ്പൂരിലേക്ക് മടങ്ങുക’- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റിനും ഗെഹ്ലോട്ടിനും ഇടയിലെ മഞ്ഞുരുക്കാന്‍ രാജ്യസഭ എംപി കെ സി വേണുഗോപാലിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, സച്ചിന്‍ പൈലറ്റിനെതിരെ കൂടുതല്‍ ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. സച്ചിന്‍ പൈലറ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ അകറ്റാനാണ് അത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.
ബിജെപിയിലേക്ക് പോയില്ലെങ്കില്‍ സച്ചിന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സച്ചിന്‍ പൈലറ്റ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.