കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും ചില തിളക്കമാർന്ന വിജയങ്ങൾ കമ്യൂണിസ്റ്റുകളെ തേടി ഇപ്പോൾ എത്തുന്നുണ്ട്. ഇതിൽ പ്രധാനമാണ് മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 100 ഓളം പഞ്ചായത്തുകളിൽ സി.പി.എമ്മിന് ഭരണം പിടിക്കാൻ കഴിഞ്ഞിരിക്കുന്നത്. ബീഹാറിലും തെലങ്കാനയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഏറ്റ തിരിച്ചടിക്കു ശേഷം ഈ സംസ്ഥാനങ്ങളിലും പതുക്കെയാണെങ്കിലും സംഘടനാ ശേഷി സി.പി.എം. തിരിച്ചു പിടിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലാകട്ടെ ഇപ്പോഴും എതിരാളികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ദൂരത്തിൽ ഇടതുപക്ഷം എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ തന്നെയാണ് രാജ്യത്തെ സി.പി.എമ്മിന്റെ സ്ഥാപക നേതാവായ വി.എസ് അച്ചുതാനന്ദനും 99 വയസ്സ് പൂർത്തിയാകുന്നത്. നൂറിൽ നിറവിലേക്കുള്ള യാത്രയ്ക്ക് കൂടിയാണ് ഇവിടെ തുടക്കമാകുന്നത്. 2022ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന് 99വയസ്സ് പൂർത്തിയാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുൻപ് തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പുന്നപ്ര വയലാർ സമരത്തിന്റെ നേതൃനിരയിൽ സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദൻ. ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണിൽ നാലുതലമുറകളെ ആവേശപൂർവ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും. ഈ 21-ാം നൂറ്റാണ്ടിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ചവിട്ടിനിന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ന്യൂ ജനറേഷൻ യൗവ്വനങ്ങൾക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകർന്ന് നൽകി പടയോട്ടം നടത്താൻ വി.എസ് എന്ന പോരാളിക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.
അഴിമതി ഭൂമികയ്യേറ്റം തൊഴിൽ പ്രശ്‌നം പരിസ്ഥിതി സ്ത്രീപീഢനങ്ങൾ തുടങ്ങി ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന സകല പ്രശ്‌നങ്ങളിലും ഇടപെട്ട് പുതിയ പോർമുഖം തന്നെയാണ് വി.എസ് തുറന്നിരുന്നത്. പ്രളയവും ഉരുൾപൊട്ടലും ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ പരസ്ഥിതിതിയെ കുറിച്ച് ചർച്ച ചെയ്യാറുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഒന്നര നൂറ്റാണ്ടു മുൻപേ ഫ്രെഡറിക് ഏംഗൽസ് എഴുതിയിരുന്നെങ്കിലും കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ പരിസ്ഥിതിയുടെ രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മനേക ഗാന്ധിയും സിംഹവാലൻ കുരങ്ങും സുഗതകുമാരി ടീച്ചറുടെ കവിതകളും മേധാപട്കറും നർമ്മദ ആന്തോളൻ ബച്ചാവോയും ഒക്കെയായി പരിമിതപ്പെട്ട് നിന്നിരുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തിൽ ഉയർത്തിയത് തന്നെ വി.എസ് എന്ന കമ്മ്യൂണിസ്റ്റാണ്.
പതിറ്റാണ്ടുകൾക്കപ്പുറം കുട്ടനാട്ടിലെ നെൽവയലുകൾ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകൾ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയൽ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. അന്നത് ‘വെട്ടിനിരത്തൽ സമരം’ എന്ന പേരിൽ വിമർശിക്കപ്പെട്ടെങ്കിലും കൃഷിയിടങ്ങൾ ഓർമ്മയായി മാറി കൊണ്ടിരിക്കുന്ന പുതിയ കാലം വി.എസ് അന്നു സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നത് ഇപ്പോൾ നാടിനെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഇന്ന് കേരളത്തിൽ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം എന്നു പറയുന്നത് കുട്ടനാട്ടിൽ മുൻപ് നടന്ന ‘ആ’ വെട്ടിനിരത്തൽ സമരം തന്നെയാണ്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്.
മുന്നേറ്റങ്ങളിലും തിരിച്ചടിയിലും വി.എസിനെ കരുത്താർജിച്ച് നിർത്തിയത് ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ തന്നെയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിമർശകർക്കു പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകുകയില്ല. വിപ്ലവ മനസ്സുകളെ സംബന്ധിച്ച് ഇന്നും സിരകളിൽ അഗ്‌നി പടർത്തുന്ന ഓർമ്മയാണ് പുന്നപ്ര വയലാർ സമരം. ദിവാൻ സർ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകൾക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ കമ്യൂണിസ്റ്റു പാർട്ടി തീരുമാനമെടുത്തിരുന്നത്.
1946 ഒക്ടോബർ മാസത്തിൽ പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാൻ ആയിരുന്നു ചെമ്പടയുടെ തീരുമാനം. ഈ ദൗത്യം സധൈര്യം നടപ്പാക്കുന്നതിൽ മുഖ്യ സൂത്രധാരന്നായിരുന്നു സഖാവ് വി.എസ്. അന്നത്തെ ഏറ്റുമുട്ടലിൽ അനവധി തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ തല തന്നെ കൊയ്തെടുത്താണ് സമരപോരാളികൾ ഇതിനു പകരം വീട്ടിയിരുന്നത്. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു തന്നെയാണ് പുന്നപ്രയുടെ മണ്ണിൽ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് പ്രസംഗിച്ചിരുന്നത്.
ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം പോലീസിൽ നിന്നും പിടിച്ചുവാങ്ങിയ തോക്കുകൾ വി.എസിന്റെ നിർദ്ദേശ പ്രകാരം പിന്നീട് ആറിൽ ഒഴുക്കി കളഞ്ഞതും ചരിത്രമാണ്. ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയിരുന്നത്. തുടർന്ന് ലോക്കപ്പിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണമാണ്. ജയിലഴിക്കുള്ളിൽ കാലുകൾ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടി ഭീകരമായാണ് വി.എസിനെ മർദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലിൽ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ ആ പാടുകൾ ഇന്നും വി.എസിന്റെ കാലുകളിൽ വ്യക്തമാണ്. മരിച്ചു എന്നു കരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ് വർദ്ധിച്ച വീര്യത്തോടെ, വി.എസ് വീണ്ടും ഉയർത്തെഴുന്നേറ്റു വന്നിരുന്നത്. ബാക്കി എല്ലാം പുതിയ തലമുറയും അറിയുന്ന ചരിത്രമാണ്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി, വിവിധ ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകൾ, വി.എസിന് വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തിരുന്നത്.ആ നാവിൻ്റെ ചൂട് ദേശീയ മാധ്യമങ്ങളും പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. 1923 ഒക്ടോബർ 20 -നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാനന്ദൻ ജനിച്ചത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വളർത്തിയത് സഹോദരിയാണ്.
എല്ലാക്കാലവും നിലപാടുകൾ തുറന്നുപറയാൻ വി.എസ് കാണിച്ച ധൈര്യവും ആർജ്ജവവുമാണ് അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമർശകരേയും നേടി കൊടുത്തിരുന്നത്. ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനും അവകാശപ്പെടാനാകാത്ത റെക്കോർഡും വി.എസ്സിന് ഇപ്പോൾ സ്വന്തമാണ്.
1958ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിൽ അംഗമായ വി.എസ് ഇപ്പോഴും സിപിഐഎം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ് അച്ചുതാനന്ദൻ തന്നെയാണ്. സിപിഐഎമ്മിന്റെ രൂപീകരണം മുതൽ പാർട്ടി ദേശീയ നേതൃത്വത്തിൽ തുടരുന്നത് തന്നെ ഒരു അപൂർവതയാണ്. അതുകൊണ്ട് കൂടിയാണ് വിഎസിന്റെ ജീവിതം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായി മാറുന്നത്.
ട്രേഡ് യൂണിയൻ നേതാവിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായും ഉശിരുള്ള പ്രതിപക്ഷ നേതാവായും ജനകീയ മുഖ്യമന്ത്രിയായും വളർന്ന വി.എസ് ഇപ്പോൾ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ് ഉള്ളത്. 2020 ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് കുറച്ചുനാൾ അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു.
ചികിത്സയ്ക്ക് ശേഷം പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 2000-ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വി.എസിന്റെ പിറന്നാളും കാര്യമായി ആഘോഷിക്കാൻ തുടങ്ങിയിരുന്നത്.