തിരുവനന്തപുരം: യുവ നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ രണ്ട് മക്കള്‍ക്കു ബന്ധമുണ്ടെന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന വാര്‍ത്തക്ക് ഒരു അടിസ്ഥാനവുമില്ലന്ന് പൊലീസ്.
ഇപ്പോള്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നോ നടത്തിയ അന്വേഷണത്തില്‍ നിന്നോ ഇത്തരമൊരു സുചന പോലും ലഭിച്ചിട്ടില്ലന്നാണ് അന്വേഷണ സംഘം പറയുന്നത്..
അവശേഷിക്കുന്ന പ്രതികളെ കൂടി പിടികൂടുന്നതിനുള്ള അവസാന ഘട്ട പ്രയത്‌നത്തിലാണെന്നും ഈ കേസില്‍ ഒരാള്‍ പോലും രക്ഷപ്പെടുന്ന പ്രശ്‌നം ഉദിക്കുന്നില്ലന്നും അന്വേഷണ സംഘത്തിലെ പ്രമുഖന്‍ വ്യക്തമാക്കി.
ഇടതുപക്ഷത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ മക്കളാണ് ആരോപണത്തിന്റെ നിഴലിലെന്നും ഇവര്‍ക്ക് പ്രതിസ്ഥാനത്തുള്ള ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതിന്റെ വ്യക്തമായ സൂചനകള്‍ പൊലീസിനു ലഭിച്ച് കഴിഞ്ഞുവെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.
കഴിഞ്ഞ തിയറ്റര്‍ സമര കാലത്താണ് രാഷ്ട്രീയ നേതാവിന്റെ മക്കള്‍ സിനിമാ മേഖലയുമായി അടുത്തു ബന്ധപ്പെടുന്നതെന്നും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിയറ്റര്‍ ഉടമകളുടെ സമര പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട ഇവര്‍ സിനിമാ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുകയായിരുന്നുവെന്നും മുംബൈ ആസ്ഥാനമായ പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ആരോപണ വിധേയനായ പ്രമുഖ നടനുമൊത്ത് സിനിമാ നിര്‍മ്മാണ സംരഭം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൃത്യം നിര്‍വ്വഹിക്കുന്നതിന് 50 ലക്ഷം രൂപയാണ് പള്‍സര്‍ സുനിയ്ക്കും സംഘത്തിനും വാഗ്ദാനം നല്‍കിയതെന്നും കൂട്ട് നിന്നതിന് തങ്ങള്‍ക്ക് 30 ലക്ഷം രൂപ പ്രതിഫലമായി പള്‍സര്‍ സുനി വാഗ്ദാനം ചെയ്തിരുന്നുവെന്നും പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നതായും വാര്‍ത്തയില്‍ ചൂണ്ടി കാണിച്ചിരുന്നു.
ഈ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. വാര്‍ത്ത നല്‍കിയത് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായതിനാല്‍ മലയാളത്തിലെ പ്രമുഖ ചാനലുകളുടെ ന്യൂസ് പോര്‍ട്ടലുകളടക്കം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.