കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യസൂത്രധാരന്‍ കസ്റ്റഡിയില്‍

കാസര്‍ഗോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ് കാസര്‍ഗോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍, സിപിഎം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്നും പ്രാദേശികമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പ് സമൂഹ മാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളേജ് വിദ്യാര്‍ഥി ഉള്‍പ്പെടെ 2 സിപിഎം പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്.

ഇതിനിടെ ഇന്ന് പെരിയയിലെത്താനിരുന്ന എല്‍ഡിഎഫ് നേതാക്കളുടെ സന്ദര്‍ശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം യുവാക്കളെ തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്റും ആണ്.

Top