ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും മരണപ്പെട്ടതിനെ തുടര്‍ന്ന് ദുരൂഹത ഉയര്‍ന്നപ്പോഴും പ്രതികരിക്കാതെ മൗനം പാലിച്ച മുഖ്യമന്ത്രി പനീര്‍ശെല്‍വം തനിക്ക് സ്ഥാനം നഷ്ടപ്പെടുന്നു എന്ന സാഹചര്യത്തില്‍ മാത്രമാണ് പൊട്ടിത്തെറിച്ച് രംഗത്ത് വന്നതെന്ന് വിമര്‍ശനം.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് അടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായിട്ടും ജയലളിതയുടെ മരണം സംബന്ധമായി ഒരു വിവരവും ഇപ്പോഴും പുറത്ത് വിടാന്‍ തയ്യാറാകാതെയിരിക്കുന്ന പനീര്‍ശെല്‍വത്തിന്റെ നടപടിയാണ് പൊതു സമൂഹത്തിനിടയില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് നല്‍കിയ ശേഷം പൊട്ടിത്തെറിച്ച് മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലന്നാണ് ഒരു വിഭാഗം ജനങ്ങള്‍ ആരോപിക്കുന്നത്
ജയലളിതക്ക് എന്താണ് സംഭവിച്ചതെന്ന് പനീര്‍ശെല്‍വത്തിന് അറിയാതിരിക്കാന്‍ തരമില്ലന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനായി ഒന്നും വെളിപ്പെടുത്താതിരുന്നതാകാമെന്നുമാണ് ഇവരുടെ വിശ്വാസം
ശശികലയുടെ ഇടപെടലുകളിലും നടപടികളിലുമുള്ള പ്രതിഷേധം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാന്‍ എന്തിന് കൂട്ടുനിന്നുവെന്നാണ് മറ്റൊരു ചോദ്യം.
ജയലളിതയുടെ സഹോദരന്‍ ജയകമാറിന്റെ പുത്രി ദീപക്ക് ആശുപത്രിയില്‍ സന്ദര്‍ശനം അനുവദിക്കാതെ തടഞ്ഞത് പൊലീസാണെന്നിരിക്കെ എന്ത് കൊണ്ട് ഇതില്‍ നിന്നും പൊലീസിനെ വിലക്കിയില്ലന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ഇപ്പോള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട പനീര്‍ശെല്‍വം ഈ മാസം24 ന് ദീപ പുതിയ പാര്‍ട്ടി രൂപീകരിക്കുക കൂടി ചെയ്താല്‍ അണികളെയും നഷ്ടമാകുമെന്ന് കണ്ടാണ് കൂടെ ഉള്ളവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഇപ്പോള്‍ ശശികലക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു..
ജയലളിത കേസില്‍ കുരുങ്ങി മാറി നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കിയത് ‘പിന്‍സീറ്റ് ഡ്രൈവിങ്ങിനായതിനാല്‍ ‘ അത് പിന്തുടര്‍ച്ച അവകാശമായി കാണാന്‍ തമിഴകത്തിന് കഴിയുന്നില്ലന്നതാണ് ഈ വിമര്‍ശനങ്ങള്‍ സുചിപ്പിക്കുന്നത്.
അതേ സമയം ഇപ്പോള്‍ തമിഴ്‌നാട്ടിലെ ‘സെന്‍സേഷന്‍’ ശശികല ആയതിനാല്‍ അവരെ എതിര്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ജനപിന്തുണ സ്വാഭാവികമായും പനീര്‍ശെല്‍വത്തിനും കറച്ചൊക്കെ ഇപ്പോള്‍ ലഭികുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.