ന്യൂഡല്‍ഹി: കോടതികളുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പരാമര്‍ശങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ രംഗത്തു വന്നു. മനോവികാരങ്ങളെ നിയന്ത്രിച്ച് സന്തുലനം പാലിച്ചുവേണം വിധി പ്രസ്താവിയ്ക്കാനെന്ന് ജഡ്ജിമാരുടെ സമ്മേളനത്തില്‍ രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഭോപ്പാലിലെ ദേശീയ ജുഡീഷ്യല്‍ അക്കാദമിയില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കോടതികളുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയത്.
ഭരണഘടനയാണ് ഏറ്റവും ഉന്നതസ്ഥാനത്തുള്ളതെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി ജുഡീഷ്യല്‍ ആക്ടിവിസം അധികാര നിര്‍ണയത്തെ ദുര്‍ബലമാക്കരുതെന്നും മുന്നറിയിപ്പു നല്‍കി. ജഡ്ജിമാരുടെ യോഗത്തില്‍ രാഷ്ട്രപതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ജെ.ഡി.യു നേതാവ് അലി അന്‍വറും രാഷ്ട്രപതി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് അഭിപ്രായപ്പെട്ടു. നിയമനിര്‍മാണ സഭയും കാര്യനിര്‍വഹണ സമിതിയും നീതിന്യായ വകുപ്പും അവരവരുടെ അതിര്‍ത്തികള്‍ മാനിയ്ക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പ്രതികരിച്ചു.