ഔദ്യോഗിക പൊലീസ് ഗ്രൂപ്പില്‍ രാഷ്ട്രീയ പോസ്റ്റ്; DGPയ്ക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

കേരള പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റ്. സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസുകാര്‍ക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി.

സിപിഒ കിരണ്‍ എസ് ദേവാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡ്യൂട്ടി ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ പരാതി നല്‍കിയിരിക്കുന്നത്. തിരുവന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനാണ് കിരണ്‍ എസ് ദേവ്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ രാഷ്ട്രീയ പോസ്റ്റിട്ടത്. മന്ത്രി ഗണേഷ് കുമാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഔദ്യോഗിക ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റിനെതിരെ സെനയ്ക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഗ്രൂപ്പില്‍ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. നിലവില്‍ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലര്‍ത്തുന്ന കിരണ്‍ദേവ്.

Top