തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ചര്‍ച്ചകള്‍ക്കായി ഏതുസമയവും തന്റെ ഓഫീസില്‍ എത്താമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. കുതിരാന്‍ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകള്‍ ഇതിന് തെളിവാണ്. ദേശീയപാതാ വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് പരാതി നല്‍കണമെന്നും വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.