ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ വ്യവസായ മേഖലയായ ബോളിവുഡ് ഇപ്പോൾ വലിയ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ‘ബോയിക്കോട്ട് ബോളിവുഡ്’ ക്യാമ്പയിൻ ആണ് ഇതിന് കാരണം. ബോളിവുഡ് പ്രേക്ഷകർക്കിടയിൽ ഇത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം. ഒരു സിനിമ കാണരുത് ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പോസ്റ്റ് ഇട്ടാൽ മതി പിന്നെ അത് ആളിക്കത്തി ആ സിനിമയുടെ പരാജയം ഉറപ്പ് വരുത്തിയെ അവസാനിക്കുകയൊള്ളു. എന്തിനാ അത് എന്നാരും ചോദിക്കരുത്. കാരണം കൃത്യമായ ഒരു ന്യായം ഇല്ല എന്നതാണ് യാഥാർഥ്യം. സിനിമയുടെ ആദ്യ പോസ്റ്റർ ഇറങ്ങുന്ന സമയം മുതൽ ബഹിഷ്കരണ ക്യാമ്പയിനും ആരംഭിക്കും. ബോയിക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ ഈ ക്യാമ്പയിൻ നടക്കുന്നത്. ആരും ഇത് ആദ്യം കാര്യമായി എടുത്തില്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ കൈവിട്ട പോയിരിക്കുകയാണ്. വമ്പൻ സിനിമകളടക്കം ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീഴുന്ന അവസ്ഥ ആയതോടെ ഇത് ഇപ്പോൾ ബോളിവുഡിൽ ചൂടുള്ള ചർച്ച വിഷയം ആയിരിക്കുകയാണ്.
ആമിർ ഖാൻ നായകനായ പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ബഹിഷ്കരണമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. ഈ സിനിമ പുതിയതാണേലും ബഹിഷ്കറിക്കാനുള്ള കാരണം കുറച്ച് പഴയതാണ്. ഏഴ് വർഷം മുമ്പ് ടെലിവിഷൻ പരിപാടിയിൽ സഹിഷ്ണുതയെ പറ്റി ആമിർ നടത്തിയ പരാമർശമാണ് ഛദ്ദയെ ഓടിക്കണമെന്ന ആഹ്വാനത്തിന് കാരണം. നാട്ടിൽ കാണുന്ന അസഹിഷ്ണുതയുടെ പല സംഭവങ്ങളും കാണുമ്പോൾ, നിരാശയും അമർഷവും വേദനയും തോന്നുന്നുവെന്നായിരുന്നു ആ പരാമർശം. ഇന്നാടിനെ കുറിച്ചും ഇന്നാട്ടുകാരെ കുറിച്ചും ബഹുമാനമോ മതിപ്പോ ഇല്ലാത്ത ഒരാളുടെ സിനിമ കാണരുത് എന്നാണ് ബഹിഷ്കരണക്കാരുടെ ആഹ്വാനം. ആമിര്‍ ഖാന്റെ രാജ്യസ്നേഹമില്ലായ്മക്ക് തെളിവായി തുർക്കി പ്രഥമവനിതയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പാകിസ്ഥാനെ തുർക്കി പണ്ട് പിന്തുണച്ചത് ഓർമിപ്പിച്ചായിരുന്നു ഇത്. ചൈനയിൽ അദ്ദേഹത്തിന്റെ മുൻ റീലീസുകളായ ദംഗലും സീക്രട്ട് സൂപ്പർ സ്റ്റാറും വൻ വിജയമായതും ആമീർഖാന് എതിരായ ആയുധങ്ങളായി.
കേന്ദ്രസർക്കാരിന്റെ സ്വന്തം ആൾ എന്നറിയപ്പെടുന്ന അക്ഷയ്കുമാറിന്റെ രക്ഷ ബന്ധൻ എന്ന പുതിയ സിനിമയും ബഹിഷ്കരണ ആഹ്വാനത്തിന്റെ തിരിച്ചടി നേരിട്ടു. എന്നാൽ ഇവിടെ പ്രതിഷേധം നായകനോട് ആയിരുന്നില്ലെന്ന് മാത്രം. രചയിതാവായ കനിക ധില്ലന്റെ നാലുവർഷം മുമ്പുള്ള ഗോമാതാ ട്വീറ്റ് ആണ് ഇതിന് കാരണമായത്.
ഇവിടംകൊണ്ടും തീർന്നില്ല. ഛദ്ദ നല്ല സിനിമയാണെന്നും കാണണമെന്നും പറഞ്ഞ ഹൃത്വിക് റോഷനും ഇപ്പോൾ ബഹിഷ്കരണ ആഹ്വാനം നേരിടുകയാണ്. റിലീസിന് തയ്യാറെടുക്കുംമുമ്പ് തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രം വേദയുടെ അണിയറക്കാർ ആശങ്കയിലാണ്. ഇതേ പേരിലെത്തിയ തമിഴ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കില്‍ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് പ്രധാന താരങ്ങള്‍.
നാല് വർഷത്തെ ഇടവേളക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു സിനിമയുമായെത്തുമ്പോൾ ബോളിവുഡ് സന്തോഷത്തിലായിരുന്നു. കൊവിഡിന്റെ ക്ഷീണത്തിൽ നിന്നും മൊത്തത്തിൽ കരകയറാത്ത സിനിമ മേഖലക്ക് ഒരു ഉഷാറ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഇതിന് കാരണം. മൊഴിമാറ്റിയെത്തുന്ന ദക്ഷിണേന്ത്യൻ സിനിമകൾ തീയേറ്ററിൽ ആളെ കൂട്ടുമ്പോൾ കശ്മീർ ഫയൽസ്, ഭൂൽ ഭുലയ്യ 2, ഗംഗുബായ് കത്തിയവാഡി തുടങ്ങിയ കുറച്ച് ഹിന്ദി സിനിമകളാണ് ഇക്കൊല്ലം ഇതുവരെ ഹിറ്റായത്. മേഖലക്കാകെ ഛദ്ദ ഉണർവ് കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് ബഹിഷ്കരണാഹ്വാനത്തോടെ തെറ്റിയത്.
ബഹിഷ്കരണം കാരണം സിനിമക്കാർ നട്ടംതിരിയുന്നത് ഇത് ആദ്യമല്ല. ‘റായീസ്’ എന്ന ഷാറുഖ് ഖാൻ സിനിമ നേരിട്ട പ്രശ്നം പാകിസ്ഥാൻകാരിയെ നായികയാക്കിയത് ആയിരുന്നു. ‘ഫയർ’ എന്ന സിനിമയിൽ ദീപാമേത്ത അരുതാത്തത് പറഞ്ഞെന്നും കാണിച്ചെന്നും ആയിരുന്നു പ്രതിഷേധക്കാരുടെ പരാതി. രജപുത്ര റാണിയെ മോശമാക്കി ഖിൽജിയെ വികലമാക്കി തുടങ്ങി പ്രതിഷേധങ്ങളുടെ ഘോഷയാത്രയായിരുന്നു പദ്മാവത് സിനിമയുടെ നേർക്ക് ഉണ്ടായിരുന്നത്. അനിശ്ചിതാവസ്ഥയുടെ നീണ്ട നാളുകൾക്ക് ശേഷം പദ്മാവതി എന്ന നേരത്തെ ഇട്ട പേര് മാറ്റിയാണ് സിനിമ ഒടുവിൽ തീയേറ്ററിലെത്തിയത്. ജോധ അക്ബർ സിനിമയും ഇതിന് മുമ്പ് രാജസ്ഥാൻ കർണി സേനയുടെ പ്രതിഷേധം നേരിട്ടിരുന്നു. ബോംബെ സിനിമ പ്രദർശിപ്പിക്കാൻ മണിരത്നവും കൂട്ടരും സാക്ഷാൽ ബാൽ താക്കറെയെ നേരിട്ട് കണ്ടത് ബഹിഷ്കരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും കുറച്ചുകൂടി പഴയ കഥയാണ്.
പ്രാദേശിക വികാരപ്രക്ഷോഭങ്ങളും സദാചാരബോധവത്കരണവും വിഷയ സൂചികയായ ബഹിഷ്കരണ പ്രതിഷേധ പുസ്തകത്തിൽ അടുത്തിടെ പുതിയൊരു വിഷയവും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വ്യതിയാനങ്ങൾ ഒരു പക്ഷത്തേക്ക് മാത്രമേ പാടൂ എന്ന ഓർമപെടുത്തലാണത്. സഹിഷ്ണുതയെ പറ്റിയായാലും ചരിത്രം ഓർമപെടുത്തലായാലും സർക്കാർ വിമർശനത്തിന് വലിയ വില കൊടുക്കേണ്ടിവരും എന്ന മുന്നറിയിപ്പാണ് ഏറ്റവും പുതിയ ബഹിഷ്കരണവും അതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നവർ ഉപയോഗിക്കുന്ന ഭാഷയും രീതിയുമെല്ലാം പറയുന്നത്.
രാജ്യസ്നേഹമില്ലാത്ത ആമിര്‍ ഖാനെ പോലെയുള്ളവരുടെ സിനിമകൾ തോൽപ്പിക്കണം എന്നാലേ ഇവരൊക്കെ പാഠം പഠിക്കൂ എന്നാണ് കർണി സേന നേതാവ് സുർജീത് സിങ് റാത്തോഡ് പറഞ്ഞത്. ആരും ഇത്തരക്കാരുടെ സിനിമകൾക്ക് പണം മുടക്കരുതെന്നും സിനിമാ നിർമാതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. പണ്ട് നമ്മൾ പറഞ്ഞ വാക്കുകൾ നമ്മെ വേട്ടയാടാൻ പിന്നാലെ എത്തുമെന്ന് പറഞ്ഞത് ആമിര്‍ ഖാനൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനുപം ഖേർ ആണ്.
സിനിമ എന്നത് നായകന്റേത് മാത്രമല്ലെന്നും നൂറുകണക്കിന് ആളുകൾക്ക് വേതനം നൽകുന്ന ഒരു വ്യവസായമേഖല കൂടിയാണെന്നും ഓർമിക്കാത്തവരുടെ കൂട്ടത്തിൽ ആ മേഖലയിൽ ജോലി ചെയ്യുന്നവർ കൂടിയുണ്ട് എന്ന് ഈ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തം.
180 കോടി ബജറ്റിൽ വാനോളം പ്രതീക്ഷയുമായി എത്തിയ ലാൽ സിങ് ഛദ്ദ ഏഴുദിവസം പിന്നിട്ടപ്പോൾ 50 കോടി പോലും തികച്ചിട്ടില്ല. ആമിർ ഖാന്റെ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മോശം ചിത്രമായ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ പോലും ആദ്യ ദിവസം നേടിയത് 50 കോടിക്ക് മുകളിലാണ് എന്നത് കൂടി ഓർക്കണം. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ പുനർവായന എന്ന നിലയിൽ സിനിമ നന്നായോ എന്ന ചർച്ചക്ക് പോലും വേണ്ട സമയം കിട്ടിയില്ല. പൊളിഞ്ഞത് ആമിര്‍ ഖാന്‍ എന്ന താരമല്ല മറിച്ച് ആ സിനിമക്ക് പിന്നാലെ മെച്ചപ്പെട്ട ജോലിയവസരങ്ങൾ പ്രതീക്ഷിച്ചിരുന്ന നൂറുകണക്കിന് സാദാ സിനിമാ ജോലിക്കാരുടെ സ്വപ്നങ്ങളാണ് എന്നതാണ് യാഥാർഥ്യം.
ബോളിവുഡിന്റെ ഈ തകർച്ച ദക്ഷിണേന്ധ്യൻ സിനിമക്ക് ഗുണം ചെയ്തു എന്നതും മറ്റൊരു യാഥാർഥ്യമാണ്. രാജമൗലിയുടെ RRR ഉം യാഷ് നായകനായ പാൻ ഇന്ത്യൻ ചിത്രം KGF 2 വിന്റെയും ഹിന്ദി വേര്ഷനകൾ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. RRR 250 കോടിക്ക് മുകളിലും KGF 2 400 കോടിക്ക് മുകളിലും ഹിന്ദി മേഖലകളിൽ നിന്നും നേടി. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയുടെ ഹിന്ദി വേർഷൻ നടത്തിയ പ്രകടനവും അത്ഭുതകരമായിരുന്നു. ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ഹിന്ദി വേർഷൻ 100 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്.
ലാൽ സിംഗ് ഛദ്ദയ്ക്കും രക്ഷ ബന്ധനും പിന്നാലെ റീലീസ്സിനെത്തിയ മറ്റൊരു തെലുങ്കു ചിത്രമാണ് കാർത്തികേയ 2. മലയാളി താരം അനുപമ പരമേശ്വരൻ നായികായായെത്തിയ ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയാണ് നായകൻ. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ ഇപ്പോൾ വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ദിവസം 50 ഷോ മാത്രം ഉണ്ടായിരുന്ന ചിത്രത്തിന്റെ ഹിന്ദി വേർഷന് ഇപ്പോൾ 1000ത്തിലധികം സ്‌ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. 20 കോടിയോളം ചിത്രം നോർത്തിൽ നിന്നും ഇതിനകം നേടി കഴിഞ്ഞു.
ഇതിനിടെ ഇതേ സാധ്യത ഉപയോഗപ്പെടുത്താൻ ശ്രെമിച്ച വിജയ് ദേവർകോണ്ടക്ക് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലൈഗർ ഹിന്ദിയിൽ വലിയ റിലീസിനാണ് ഒരുങ്ങുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ ആമിർ ഖാന് പിന്തുണ നൽകി സംസാരിച്ചതോടെയാണ് താരം വെട്ടിലായത്. ലൈഗറിന് എതിരെയും ഇപ്പോൾ ബഹിഷ്കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഇത് എന്താകുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
ആമിർ ഖാൻ ചിത്രമായ ദംഗലാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ഇന്ത്യൻ സിനിമ. 2000 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഇതിൽ 1300 കോടിയിലതികം ചൈനയിൽ നിന്ന് മാത്രമാണ് നേടിയത്. ആമിറിന്റെ മുൻ ചിത്രങ്ങളും ചൈനീസ് മാർകറ്റിൽ വലിയ വിജയമാണ് നേടിയത്. ചൈനയിലെ ഈ പ്രേക്ഷക പിന്തുണയാണ് ആമിറിന്റെ പ്രതീക്ഷ. ലാൽ സിംഗ് ചദ്ദ ഇപ്പോൾ നേരിട്ട നഷ്ടം ചൈനീസ് വേർഷൻ റിലീസ് ചെയ്ത് നികത്താമെന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ. വിദേശ മാർക്കറ്റുകളിൽ ചിത്രം നല്ല പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. കോവിഡിന് ശേഷം വിദേശ മാർക്കറ്റുകളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഹിന്ദി ചിത്രമായി ലാൽ സിംഗ് ചദ്ദ ഇതിനോടകം മാറി കഴിഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം കാമ്പയിനുകൾ അവസാനിപ്പിച്ച മതിയാകു. സിനിമ എന്നത് ഒട്ടനേകം പേരുടെ ചോരയും നീരും കൊണ്ട് പണിതുയർത്തുന്ന കലാ സൃഷ്ടിയാണ്. അത് ബഹിഷ്കരിക്കണമെന്ന് നിസാരമായി ആഹ്വാനം ചെയുമ്പോൾ പല ജീവിതങ്ങളും വഴിമുട്ടും എന്നതുകൂടി ഓർത്തുകൊള്ളണം. ഹൃതിക്ക് സെയിഫ് അലിഖാൻ കൂട്ടുകെട്ടിൽ വിക്രം വേദയും രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയും ഷാരൂഖ് ഖാന്റെ പത്താനുമൊക്കെയാണ് ഇനി വരാനിരിക്കുന്ന ബോളിവുഡ് പ്രതീക്ഷകൾ. ഈ ചിത്രങ്ങളും ബഹിഷ്കരണ ഭീഷണി നേരിടുകയാണ്. സാക്ഷാൽ ആമിർ ഖാന് തന്നെ കനത്ത തിരിച്ചടി നേരിട്ടതോടെ ബോളിവുഡ് ഭീതിയിലാണ്. ഈ കാമ്പയിനും ചിത്രങ്ങളുടെ ഭാവിയും എന്താകുമെന്ന് കാത്തിരുന്ന കാണുക തന്നെ വേണം.
റിപ്പോർട്ട് : ഷിഹാബ് മൂസ