പകയുടെ രാഷ്ട്രീയം വിവാഹത്തിലും പയറ്റുന്നത് രാഷ്ട്രീയ എതിരാളികൾ

വിവാഹം എന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. അതിലും പകയുടെ രാഷ്ട്രീയം കാണുന്നവരെ, കേരളീയ സമൂഹമാണ് തിരിച്ചറിയേണ്ടത്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ വിവാഹത്തെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് ഈ വിഭാഗമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനാണ് വധുവാകാന്‍ പോകുന്നത് എന്നതാണ്‌ ഈ പ്രകോപനത്തിന് കാരണം. ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണിത്.

വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്കു നെഗറ്റീവായി കമന്റിടുന്നവരുടെ രാഷ്ട്രിയവും ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

ഇതൊരു തരം രോഗമാണ്. ഇതിന് ചികിത്സ നല്‍കേണ്ടത് സമൂഹമാണ്. സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വാതന്ത്ര്യത്തെ, വ്യക്തിഹത്യക്ക് ഉപയോഗപ്പെടുത്തുന്നത് ആരായാലും, അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.

കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് പ്രണയവിവാഹം ഇത് ആദ്യത്തെ സംഭവമല്ല. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ച നിരവധി പേരാണ് ഇത്തരത്തില്‍ വിവാഹിതരായിട്ടുള്ളത്.

പാലക്കാട് മുന്‍ എം.പി എം.ബി രാജേഷ് വിവാഹം കഴിച്ചിരിക്കുന്നത് റഷീദ് കണിച്ചേരിയുടെ മകള്‍ നിനിത കണിച്ചേരിയെയാണ്.ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യ അമൃതയാണ്. അടുത്തയിടെ വിവാഹിതനായ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിന്റെ ഭാര്യയുടെ പേര് ഗാഥയെന്നാണ്. ഈ നിരയിലെ ഒടുവിലത്തെ പേരാണ് മുഹമ്മദ് റിയാസിന്റെയും വീണയുടെയും.

ഈ പട്ടിക ഇനിയും നീണ്ടു കൊണ്ടിരിക്കും. പുതിയ കാലം ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

ആദര്‍ശങ്ങള്‍ പ്രസംഗിക്കാന്‍ മാത്രമല്ല, പ്രയോഗിക്കാന്‍ കൂടിയുള്ളതാണെന്നാണ് യുവജന – വിദ്യാര്‍ത്ഥി നേതാക്കള്‍ ഇവിടെ തെളിയിച്ചിരിക്കുന്നത്. അഭിനന്ദിക്കപ്പെടേണ്ട മാതൃകയാണിത്.

പണത്തിനും, പദവിക്കും, ജാതിക്കും, മതത്തിനും മീതെ, മനുഷ്യരെ നോക്കി കാണുന്നവര്‍ക്ക് മാത്രമേ ഇത് സാധ്യമാകുകയൊള്ളൂ.

വര്‍ഗീയ വാദികളെ സംബന്ധിച്ച് ഈ വിവാഹങ്ങളെല്ലാം ‘ലൗ ജിഹാദ് v/s ലൗ കുരുക്ഷേത്രയായിരിക്കും’. ഇത്തരക്കാരോട് സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളു.

കടുത്ത എതിര്‍പ്പുകള്‍ നേരിട്ട് വിവാഹിതരായ എത്രയോ കമ്മ്യൂണിസ്റ്റുകള്‍ ഈ രാജ്യത്ത് മുന്‍പും ഉണ്ടായിട്ടുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിവാഹമായിരുന്നു 1946ല്‍ നടന്നിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ പി ടി പുന്നൂസിന്റെയും റോസമ്മ പുന്നൂസിന്റെയും വിവാഹമായിരുന്നു ഇത്. തിരുവിതാംകൂറിലെ ആദ്യത്തെ മാര്‍ത്തോമൈറ്റ് – കത്തോലിക്കാ വിവാഹം കൂടിയായിരുന്നു അത്. ഇവരുടെ വിവാഹം അന്നത്തെ കൊച്ചി സംസ്ഥാനത്തായിരുന്നു നടന്നിരുന്നത്. പി ടി പുന്നൂസ് തിരുവിതാംകൂര്‍ സംസ്ഥാനത്ത് പിടികിട്ടാപുള്ളികളുടെ ലിസ്റ്റിലുള്ള വ്യക്തിയുമായിരുന്നു. കത്തോലിക്കാ സഭ ഇവരുടെ വിവാഹത്തിന് എതിര് നിന്നപ്പോള്‍, സഭയെ ആദ്യം ധിക്കരിച്ചത് റോസമ്മ പുന്നൂസാണ്. പിന്നീട് 1958 ല്‍, ഐതിഹാസികമായ ദേവികുളം ഉപതിരഞ്ഞെടുപ്പിനിടെ, കത്തോലിക്കാ സഭ, റോസമ്മ പുന്നൂസിനെ പുറത്താക്കപ്പെട്ടവളായി പ്രഖ്യാപിക്കുകയുമുണ്ടായി. കേരളത്തില്‍ നിന്ന് ദൈവഭക്തരല്ലാത്ത ജീവികളെ പുറത്താക്കുവാനായിരുന്നു സഭ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം നേരിട്ട റോസമ്മ പുന്നൂസ് 7,089 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ച് കയറിയത്. ഒരു കമ്മ്യൂണിസ്റ്റിന്റെ ജനപ്രീതിക്ക് മുന്നില്‍ കോണ്‍ഗ്രസും, സഭയുമെല്ലാം നാണംകെട്ട സംഭവമായിരുന്നു അത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ എ കെ ഗോപാലന്റെയും സുശീല ഗോപാലന്റെയും വിവാഹവും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒന്നായിരുന്നു. മലബാറിലെ ഒരു ഉയര്‍ന്ന ജാതിക്കാരനായ നമ്പ്യാര്‍ കുടുംബത്തില്‍ നിന്നുള്ള എ.കെ. ഗോപാലന്‍, തന്റെ ജാതി-വാലാണ് ആദ്യം നീക്കം ചെയ്തിരുന്നത്. തുടര്‍ന്ന് 1952-ല്‍ അദ്ദേഹം ആലപ്പുഴയിലെ ഒരു ഈഴവ കുടുംബത്തിലെ സുശീല ഗോപാലനെ വിവാഹം കഴിക്കുകയായിരുന്നു. അക്കാലത്ത് അന്തര്‍ജാതിവിവാഹം കേട്ടുകേള്‍വിപോലുമില്ലാത്തതായിരുന്നു. ജാതി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ ഈ വിവാഹവും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ കെ ആര്‍ ഗൗരിയും ടി.വി തോമസും 1946 ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നപ്പോഴാണ് പ്രണയത്തിലായിരുന്നത്. ഇത് പിന്നീട് ഇവരുടെ വിവാഹത്തില്‍ കലാശിക്കുകയുണ്ടായി. ഈഴവ – ക്രിസ്ത്യന്‍ വിവാഹമായിരുന്നു അത്. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ പിളര്‍പ്പില്‍ കെ.ആര്‍ ഗൗരി സിപിഎം നേതൃത്വവും ടി.വി.തോമസ് സിപിഐയ്ക്കൊപ്പവുമാണ് നിന്നിരുന്നത്. ഇത് പിന്നീട് അവരുടെ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. താമസിയാതെ അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍ കാരണം പിരിയുകയുമുണ്ടായി.

വിവാഹവും വിവാഹമോചനങ്ങളും പുനര്‍വിവാഹവുമെല്ലാം സമൂഹത്തില്‍ നടന്നുവരുന്ന ഒരു പ്രക്രിയയാണ്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. യോജിച്ച് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായാല്‍ ഒരു ജീവിതവും മുന്നോട്ട് പോവുകയില്ല അത്തരം സാഹചര്യങ്ങളിലാണ് വേര്‍പിരിയലും പുനര്‍വിവാഹങ്ങളും നടക്കാറുള്ളത്.

ജാതിയുടെയും മതത്തിന്റെയും നോട്ടത്തിലൂടെ മാത്രം വിവാഹത്തെ നോക്കുന്ന ഒരു സമൂഹത്തില്‍, വിവാഹമോചനവും പുനര്‍വിവാഹവും സ്വാഗതാര്‍ഹമായി കണക്കാക്കാത്ത സാഹചര്യത്തില്‍, എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന വാര്‍ത്ത ഏത് കോണുകളില്‍ നിന്നു നോക്കിയാലും അതും വിപ്ലവകരം തന്നെയാണ്.

പ്രതികൂല സാഹചര്യത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുക വഴി, റിയാസും വീണാ വിജയനും എടുത്ത തീരുമാനവും അതുകൊണ്ട് തന്നെ വിപ്ലവകരമാണ്.

Express View

Top