കണ്ണൂര്‍: പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്നു ഉറപ്പിച്ചിട്ടില്ല. കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.
രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായ പയ്യന്നൂരില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയുമായ കുന്നരു കാരന്താട്ടെ സി.വി ധനരാജാണ്(38) തിങ്കളാഴ്ച രാത്രി പത്തരയോടെ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് വരുകയായിരുന്ന ധനരാജിനെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബൈക്കുകളില്‍ പിന്തുടരുകയും വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊല്ലുകയും ആയിരുന്നു. മാരകമായ രീതിയില്‍ ശരീരം മുഴുവന്‍ വെട്ടുകളേറ്റ ധന്‍രാജിനെ പരിയാരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ധനരാജിന്റെ മരണം സംഭവിച്ച് മൂന്ന് മണിക്കൂര്‍ തികയുംമുന്‍പാണ് അന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകന്റെ വീട് ആക്രമിക്കപ്പെടുന്നത്. ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം ഒരു സംഘം വെട്ടുകയായിരുന്നു. തുടര്‍ന്ന് മാരകമായ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാമചന്ദ്രനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരു കൊലപാതകങ്ങളെയും തുടര്‍ന്ന് പയ്യന്നൂരില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.