രാജസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 24.74 ശതമാനം വോട്ട് രേഖപ്പെടുത്തി

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 24.74 ശതമാനം വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് ഭരണതുടര്‍ച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് 199 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്നും മന്ത്രി ശാന്തി ദരിവാള്‍ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രതീക്ഷ പങ്കുവെച്ചത്. ജനാധിപത്യത്തിന്റെ ആഘോഷത്തില്‍ ജനം സജീവമായി പങ്കെടുക്കുന്നുണ്ടെന്നും എല്ലാവരും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ കേന്ദ്രം ബിജെപി ഭരിക്കുന്ന ഈ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് സച്ചിന്‍ പൈലറ്റ് ചോദിച്ചു.

ശ്രീഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംഎല്‍എ കൂടിയായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. അതിനിടെ ഡ്യൂട്ടിക്കിടെ പോളിംഗ് ഏജന്റ് മരിച്ചു. രാജസ്ഥാനിലെ പാളിയില്‍ ചുമതലയുണ്ടായിരുന്ന പോളിംഗ് ഏജന്റാണ് മരിച്ചത്.

Top