ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ശിവപാല്‍ യാദവുള്‍പ്പെടെ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഇന്ന് ജനവിധി തേടും. സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഏറെ നിര്‍ണ്ണായകമാണ്.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുക. 1.31 കോടി പുരുഷ വോട്ടര്‍മാരും 1.10 കോടി സ്ത്രീകളുമുള്‍പ്പെടെ 2.41 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മിതദാനാവകാശം വിനിയോഗിക്കുക. 69 മണ്ഡലങ്ങളിലായി 826 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
2012ലെ തെരഞ്ഞെടുപ്പില്‍ 69ല്‍ 56ലും ജയിച്ച് കയറിയതിനാല്‍ നിര്‍ണ്ണായകമാണ് ഭരണപക്ഷമായ എസ്പിക്ക് ഇന്നത്തെ തെരഞ്ഞെടുപ്പ്. 12 ജില്ലകളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജന്മ നാടായ ഇറ്റാവയിലും, പിതൃസഹോദരനും പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായ ശിവപാല്‍ യാദവിന്റെ തട്ടകങ്ങളിലും ഇന്ന് ജനം വിധിയെഴുതും. ശിവപാല്‍ യാദവ് ജസ്വന്ത് നഗറില്‍ മത്സരിക്കും.
അഖിലേഷ് മന്ത്രിസഭയിലെ ഏഴ് പേരാണ് ഇന്ന് ജനവിധി തേടുക. ലക്‌നൌ സെന്‍ട്രല്‍ മണ്ഡലത്തില്‍ മുന്‍ പിസിസി അധ്യക്ഷ റിത ബഹുഗുണ ജോഷി ബിജെപിക്കായി മത്സരിക്കുന്നു. മുലായംസിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവാണ് റിതയെ നേരിടുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്ന് ശതമാനം അധിക പോളിംഗ് നടന്നിരുന്നു. മൂന്നാം ഘട്ടത്തിലും സമാനമായ പോളിംഗുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.