ബംഗാളില്‍ വോട്ടെടുപ്പ് അട്ടിമറിക്കപ്പെട്ടു; റീപോളിങ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി

ശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുമായി കേന്ദ്ര സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ ഒരുങ്ങി ബി.ജെ.പി. വോട്ടെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് പലയിടത്തും റീപോളിങ് വേണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി നേതൃത്വം സമീപിക്കുക. സംസ്ഥാനത്തെ അക്രമ പരമ്പരകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബി.ജെ.പി ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും വിന്യസിച്ച കേന്ദ്രസേനയുടെ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് സിന്‍ഹ നിര്‍ദേശം നല്‍കി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴു പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരായ രണ്ടു പേരും ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഓരോരുത്തരും വോട്ടെടുപ്പ് ദിവസം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

22 ജില്ലാ പരിഷതുകളിലെ 928 സീറ്റുകളിലേക്കും 9730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 63239 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുച്ച്ബീഹാറിലെ ബരാവില്‍ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്ര സേന എത്താതെ വോട്ട് രേഖപ്പെടുത്താന്‍ പോകില്ലെന്ന് നന്ദിഗ്രാമിലെ ഒന്നാം ബ്ലോക്കിലെ നാട്ടുകാര്‍ പ്രഖ്യാപിച്ചു. മാള്‍ഡ, ഭാംഗോര്‍, ലസ്‌കര്‍പൂര്‍, സാംസര്‍ഗഞ്ച് എന്നിവിടങ്ങളിലുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ബംഗാളില്‍ ആരും സുരക്ഷിതരല്ലെന്ന് ആരോപിച്ച് ബംഗാള്‍ ഗവര്‍ണറെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

Top