തിരുവനന്തപുരം : ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി മൂന്നുവർഷം തടവുശിക്ഷ. പുറമേ പിഴയും നൽകണം.
പുഴയും തടാകങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങൾ മലിനമാക്കുന്നത് തടയുന്നതിനായി രാജ്യത്ത് ആദ്യമായി പുതിയ നിയമം കേരളത്തിൽ ഉടൻ നടപ്പിലാക്കും.
ജലവകുപ്പു തയാറാക്കിയ നിയമത്തിന്റെ കരട് സർക്കാരിന്റെ പരിഗണനയിലാണ്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
നദീസംരക്ഷണ അതോറിറ്റിയിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുൾപ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്.
ജലാശയങ്ങളുടെ സംരക്ഷണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാർഗരേഖ തയാറാക്കുന്നുണ്ട്.
ജലാശയങ്ങളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തദ്ദേശതലം മുതൽ സംസ്ഥാനതലം വരെ സാങ്കേതികസമിതികളും ഉടൻ രൂപീകരിക്കുമെന്നു ഹരിതകേരളം ഉപാധ്യക്ഷ ടി.എൻ.സീമ പറഞ്ഞു