പാര്‍ലമെന്റിനകത്തെ പ്രതിഷേധം; പ്രതികളുടെ പോളിഗ്രാഫ് പരിശോധനയ്ക്ക് അനുമതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്ത് കയറി ഗ്യാസ് കനിസ്റ്റര്‍ ഉപയോഗിച്ച് പുക പടര്‍ത്തി പ്രതിഷേധിച്ച സംഭവത്തില്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് (നുണപരിശോധന) അനുമതി നല്‍കി കോടതി. ആറ് പ്രതികളില്‍ അഞ്ചുപേരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി കോടതി എട്ട് ദിവസത്തേക്ക് നീട്ടിനല്‍കി.

മനോരഞ്ജന്‍, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡേ, ലളിത് ഝാ, മഹേഷ് കുമാവത് എന്നീ അഞ്ച് പ്രതികളെയാണ് പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കിയത്. പോലീസിന്റെ അപേക്ഷ പ്രകാരമാണ് കോടതി പോളിഗ്രാഫ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. പ്രതികളുടെ സമ്മതം തേടിയ ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. അതേസമയം, മറ്റൊരു പ്രതിയായ നീലം ആസാദിനെ പോളിഗ്രാഫ് പരിശോധനയില്‍ നിന്ന് കോടതി ഒഴിവാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13-നാണ് പാര്‍ലമെന്റില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായത്. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് ആറുപേര്‍ പ്രതിഷേധിച്ചത്. സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവർ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭാ ചേമ്പറിലേക്ക് ചാടിയിറങ്ങി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗ്യാസ് കനിസ്റ്റര്‍ പൊട്ടിക്കുകയായിരുന്നു. ശൂന്യവേളയുടെ സമയത്തായിരുന്നു ഈ പ്രതിഷേധം. ഇതേസമയത്തുതന്നെ ധനരഞ്ജ് ഷിന്‍ഡേ, നീലം ആസാദ് എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് ഗ്യാസ് കനിസ്റ്റര്‍ പൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി.യുടെ മൈസൂരു ലോക്സഭാംഗം പ്രതാപ് സിംഹയുടെ ശുപാര്‍ശയില്‍ സന്ദര്‍ശക പാസ് ലഭിച്ച യുവാക്കളാണ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. താനാശാഹീ നഹീ ചലേഗീ (ഏകാധിപത്യം അനുവദിക്കില്ല), വന്ദേമാതരം, ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മണിപ്പുരിലെ അക്രമം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്ന് പ്രതികള്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

Top