കോഴിക്കോട്: സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ അതിവേഗ കൊറോണ രോഗപരിശോധനാ സംവിധാനം പോളിമറൈസ്ഡ് ചെയിന്‍ റിയാക്ഷന്‍ വികസിപ്പിച്ചെടുത്ത് മലയാളി ഗവേഷകന്‍. ബെംഗളൂരു ആസ്ഥാനമായ ബിഗ്ടെക് ലാബ്സ് സ്ഥാപകന്‍ ഒറ്റപ്പാലം സ്വദേശി ഡോ. ചന്ദ്രശേഖരന്‍ ഭാസ്‌കരന്‍നായരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഗോവ ആസ്ഥാനമായുള്ള മോള്‍ബയോ ഡയഗനോസ്റ്റിക്സാണ് റിയല്‍ ടൈംപോയന്റ്ഓഫ് കെയര്‍ പി.സി.ആര്‍ ആണ് കോവിഡ്19 അതിവേഗ പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കൊറോണ പരിശോധന നടത്താന്‍ കമ്പനിക്ക് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ അന്തിമാനുമതി ലഭിച്ചേക്കുമെന്നാണ് വിവരം. നിര്‍വീര്യമാക്കിയാണ് സാംപിള്‍ ശേഖരിക്കുന്നത് എന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗംപകരുമെന്ന ആശങ്കയും ഒഴിവാക്കാം. ഒരുമണിക്കൂറിനകം പരിശോധനാഫലം ലഭിക്കുന്ന പുതിയ സംവിധാനം രോഗപ്രതിരോധത്തിന് അനുഗ്രഹമാവും. 1500 രൂപയില്‍ താഴെയാണ് ചെലവ്. നിലവിലുള്ള ടെസ്റ്റുകള്‍ക്ക് ഇതിന്റെ ഇരട്ടിയിലേറെ വേണം. ഇന്ത്യയില്‍ പരിശോധനാ സംവിധാനങ്ങളുടെ കുറവ് കൊറോണ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാവുമെന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടിരുന്നു.
ജനിതക പരിശോധനയിലൂടെ ബാക്ടീരിയ, വൈറസ് രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് പി.സി.ആര്‍. ടെസ്റ്റ്. ഇതിനുള്ള സംവിധാനമൊരുക്കാന്‍ 30 ലക്ഷം മുതല്‍ ഒരുകോടിവരെ രൂപ ചെലവുവരും. എന്നാല്‍, റിയല്‍ടൈം പോയന്റ് ഓഫ് കെയര്‍ പി.സി.ആര്‍. ടെസ്റ്റിന് ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ട്രൂനാറ്റ് എന്ന ചെറിയ ഉപകരണം മതിയാവും. പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ ചെറിയ ചിപ്പിനുള്ളിലാണ് ക്രമീകരിക്കുന്നത്. ചെറിയ സ്യൂട്ട്കേസില്‍ ഒതുങ്ങുന്നതാണ് ഉപകരണം. ഓരോ രോഗത്തിനും പ്രത്യേകം ചിപ്പാണ് ഉപകരണത്തില്‍ ഉപയോഗിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ദേശീയക്ഷയരോഗ നിയന്ത്രണപദ്ധതിയില്‍ രോഗനിര്‍ണയത്തിനായി ട്രൂനാറ്റ് ടെസ്റ്റ് ഉപയോഗിക്കുണ്ട്.
ലോകാരോഗ്യ സംഘടനയും ട്രൂനാറ്റിന് അംഗീകാരംനല്‍കിയിട്ടുണ്ട്. നിപ പരിശോധനയ്ക്കുള്ള ചിപ്പും നേരത്തേ തയ്യാറാക്കിയിരുന്നു. ചെറിയ ആശുപത്രികളില്‍പ്പോലും ഉപയോഗിക്കാന്‍ കഴിയുമെന്നതും കൂടുതല്‍പ്പേരെ പരിശോധനയ്ക്കു വിധേയമാക്കാമെന്നതും ഈ പരിശോധനയുടെ സവിശേഷതയാണെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ തലവന്‍ ഡോ. എ.എസ്. അനൂപ്കുമാര്‍ വ്യക്തമാക്കി.