വാഴ്‌സോ: ജീവകാരുണ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പോളിഷ് മേയറെ അപായപ്പെടുത്താന്‍ ശ്രമം. പോളിഷ് നഗരമായ ഡാന്‍സ്‌കിലെ മേയര്‍ പവല്‍ അഡമോവിസിനെയാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ അക്രമി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. സ്റ്റേജിലേക്ക് അതിക്രമിച്ച് കയറിയ 27കാരന്‍ മേയറെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഡമോവിസിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ധനരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. വ്യാജ മീഡിയ പാസില്‍ സ്റ്റേജില്‍ പ്രവേശിപ്പിച്ച യുവാവ് മേയറെ കുത്തിവീഴ്ത്തുകയായിരുന്നു. പരിപാടി കാണാനെത്തിയ ആയിരക്കണക്കിന് ആളുകളുടെ മുന്നില്‍ വച്ചായിരുന്നു സംഭവം.
സംഭവ സ്ഥലത്ത് വച്ച തന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭരണകൂടം തന്നെ അന്യായമായി തടവിലാക്കി എന്നാക്രോശിച്ചായിരുന്നു യുവാവിന്റെ പ്രവര്‍ത്തിയെന്നു പോലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേയറുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ബാള്‍ട്ടിക് തീരനഗരമായ ഡാന്‍സ്‌കിലെ മേയറാണ് അഡമോവിസ്.