കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ വനിതാ പോളി ടെക്‌നിക്കിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യ സംബന്ധിച്ച് ദുരൂഹത ഏറുന്നു.
ആത്മഹത്യക്ക് കാരണം മയക്കുമരുന്ന് മാഫിയയുടെ ഇടപെടലാണന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ ജൂലൈ 13-നാണ് പയ്യന്നൂര്‍ വനിത പോളി ടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ചിറക്കല്‍കുന്നുംകൈ സ്വദേശിനി കൊയിലേരിയന്‍ വീട്ടില്‍ ശ്രീതിയെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
16 ദിവസത്തിന് ശേഷം ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനിയായ പാളിയത്ത് വളപ്പ് സ്വദേശി കെ ടി ആതിരയും ആത്മഹത്യ ചെയ്തു.
ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം മന്ദഗതിയിലാണ്.
വനിതാ പോളി ടെക്‌നിക്കിലെ ചില വിദ്യാര്‍ത്ഥിനികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്കതായ സാഹചര്യം നിലവിലുണ്ടന്നും ഇതിനെ തുടര്‍ന്നുണ്ടായ ചില ബന്ധങ്ങളാണ് ഇരുവരുടെയും ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നുമാണ് ആതിരയുടെ മരണം അന്വേഷിച്ച കണ്ണപുരം എസ്‌ഐ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഇക്കാര്യം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ കുടുംബവും സ്ഥിരീകരിക്കുന്നു.
മാത്രമല്ല, സംഭവം സ്റ്റേഷന്‍ പരിധിക്ക് പുറത്ത് പ്രത്യേക സംഘം രൂപീകരിച്ച് ആഴത്തില്‍ അന്വേഷണം നടത്തണമെന്നും കണ്ണപുരം എസ്‌ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തുടര്‍നടപടിയുമുണ്ടായിട്ടില്ല. ചില ഉന്നത ഇടപെടലുകളാണ് കേസ് അന്വേഷണം വഴിമുട്ടാന്‍ ഇടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം.