പുതുച്ചേരി: ഫീസ് വര്‍ധനയ്‌ക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്ത്. സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സ് ബഹിഷ്‌കരിക്കുകയും അഡ്മിന്‍ വിഭാഗം ഉപരോധിക്കുകയും ചെയ്തു.
ഫീസ് വര്‍ധന പിന്‍വലിക്കുക, ബസ് ഫീസ് പിന്‍വലിക്കുക, പുതുച്ചേരി വിദ്യാര്‍ഥികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് കൗണ്‍സില്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ മുന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഗ്രിവന്‍സ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിഷയങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഗ്രിവന്‍സ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും പങ്കെടുക്കാന്‍ വൈസ് ചാന്‍സലര്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. ഇതോടെയാണ് കൗണ്‍സില്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്.
വിദ്യാര്‍ഥികള്‍ അഡ്മിന്‍ ബ്ലോക്കില്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം വലിയ സന്നാഹം തന്നെ ഒരുക്കിയിരുന്നു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സ്റ്റുഡന്റ്സ് കൗണ്‍സിലിന്റെ നിലപാട്.