പൊന്‍കുന്നം-പുനലൂര്‍ പാത പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി ജി സുധാകരന്‍

g sudhakaran

തിരുവനന്തപുരം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊന്‍കുന്നം-പുനലൂര്‍ പാതയുടെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഒന്നര വര്‍ഷത്തിലുള്ളില്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കി വരുന്ന കെഎസ്ടിപിയുടെ രണ്ടാംഘട്ട പദ്ധതിയുടെ കാലാവധി 2019ല്‍ അവസാനിക്കാനിരിക്കെ രണ്ടാം ഘട്ട പദ്ധതിയില്‍ വിഭാവനം ചെയ്ത പ്രോജക്ടായ പുനലൂര്‍-പൊന്‍കുന്നം റോഡ് വികസനം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു.പിന്നീട് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയുടെ കാലാവധി 2020 ഏപ്രില്‍വരെ നീട്ടി നല്‍കാമെന്നും ധാരണയുണ്ടായി.

അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര എക്കണോമിക്‌സ് അഫേഴ്‌സ് വകുപ്പില്‍ നിന്നുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. പുനലൂര്‍-പൊന്‍കുന്നം പാതയുടെ പുനര്‍നിര്‍മ്മാണത്തിനായി പുനലൂര്‍-കോന്നി (29.84 കി.മീ), കോന്നി- പ്ലാച്ചേരി (30.16 കി.മീ), പ്ലാച്ചേരി-പൊന്‍കുന്നം (22.17 കി.മീ) എന്നിങ്ങനെ മൂന്ന് റീച്ചുകളിലായി 698.26 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍കാല പ്രവൃത്തി പരിചയവും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യതയും കൂടി പരിഗണിച്ചാണ് കരാറുകാരനെ കണ്ടെത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം 5 വര്‍ഷക്കാലം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാരനാണ്.

റോഡ് വികസനത്തിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര നിലവാരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമമാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു വരുന്നതെന്നും ഇതിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും മന്ത്രി അറിയിച്ചു.

Top