28ാമത് സീനിയര്‍, 14ാമത് ജൂനിയര്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിനുള്ള തയാറെടുപ്പുകള്‍ പൊന്മുടിയില്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 26 മുതല്‍ 29 വരെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 31 അംഗ ടീമില്‍ 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍.
20 രാജ്യങ്ങളില്‍ നിന്നായി 250 ഓളം സൈക്ലിങ് താരങ്ങള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ആദ്യമായി ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെടുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ചാംപ്യന്‍ഷിപ്പിലെ എലൈറ്റ് വിഭാഗത്തില്‍ ജേതാക്കളാകുന്ന റൈഡര്‍മാര്‍ക്ക് 2024ലെ പാരസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നു എന്നതും ഈ ചാംപ്യന്‍ഷിപ്പിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ചാംപ്യന്‍ഷിപ്പിനു ശേഷം ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്റെ മാനെജ്‌മെന്റ് കമ്മറ്റി മീറ്റിങ്ങിനും തിരുവനന്തപുരം വേദിയാകും.
ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 25ന് ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.