കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പൊലീസിലെ എഎസ്‌ഐയുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി പൊന്നന്‍ ഷമീര്‍ (40), ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനു അറസ്റ്റില്‍. കോഴിക്കോട് ലിങ്ക് റോഡില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഷമീര്‍ പല കേസുകളിലും പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.
ഷമീറിനെ എഎസ്‌ഐ ട്രെയിനില്‍വച്ച് മര്‍ദിച്ചത് വിവാദമായിരുന്നു. ഞായറാഴ്ച, മാവേലി എക്‌സ്പ്രസിലെ എസ്ടു കോച്ചില്‍ വച്ചാണ് ടിക്കറ്റില്ലെന്നാരോപിച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ എം.സി.പ്രമോദ് ബൂട്ടിട്ട കാലു കൊണ്ടു ഷമീറിനെ ചവിട്ടിവീഴ്ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തു.