ഹിന്ദുമഹാസഭാ നേതാവ് ആ നിറയൊഴിച്ചത് ബി.ജെ.പിയുടെ പ്രതീക്ഷക്കുമേല്‍.
മോദിയുടെ രണ്ടാം ഊഴത്തിനായി ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുന്ന സംഘ പരിവാറിന്റെ ആയുധപുരയിലേക്ക് തിരിച്ച് ചെന്ന് തറച്ചിരിക്കുകയാണ് ആ വെടിയുണ്ട.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ചിത്രത്തിനെതിരെ പ്രതീകാത്മകമായി വെടിവെച്ച ഹിന്ദുമഹാസഭാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇവരുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലന്ന് നേതാക്കള്‍ വാദിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പ്രതിരോധത്തിലാക്കുന്നത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരോടൊപ്പം പൂജ പാണ്ഡേ നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തായത്. കാവി രാഷ്ട്രീയത്തിന്റെ കാവ്യ നീതിയാണ് കൊന്നിട്ടും പക തീരാത്ത ഈ വെടിവയ്പ്പെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
പൂജയുടെ നടപടിക്കെതിരെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിശക്തമായ പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും ബി.ജെ.പിക്കും എതിരെ അഴിച്ചു വിട്ടിരിക്കുന്നത്.
ജനുവരി 30ന് ഗാന്ധിയുടെ 71 -ാംമത് രക്തസാക്ഷി ദിനത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ച് പ്രതികരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നത്. ഗാന്ധിയുടെ ചിത്രത്തില്‍ നിന്ന് വെടിയേറ്റ് രക്തം വരുന്നതും പ്രദര്‍ശിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ പൂജ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുമഹാസഭയും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചരണമാണ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തി വരുന്നത്.
ഹിന്ദുമഹാസഭയുമായി യാതൊരു ബന്ധവും ആര്‍.എസ്.എസിന് ഇല്ലെന്ന വാദത്തെ രൂക്ഷമായാണ് സി.പി.എം ഖണ്ഡിക്കുന്നത്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കാമെന്ന് വിശ്വസിച്ച ഗീബല്‍സിന്റെ ഇന്ത്യന്‍ സന്തതികളാണ് സംഘികള്‍ എന്നാണ് സി.പി.എം പ്രതികരണം.
ഗാന്ധി വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ് എന്നും ഗാന്ധി വധത്തില്‍ വധശിഷക്ക് വിധേയനായ ഗോഡ്സെയും നാരായണ ആപ് തെയും ആര്‍.എസ്.എസുകാര്‍ ആയിരുന്നുവെന്നും സി.പി.എം തുറന്നടിക്കുന്നു. 1915 ഓടെ മദന്‍ മോഹന്‍ മാളവ്യയെ പോലുള്ളവരുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ ഹിന്ദുമഹാസഭക്ക് ഏകീകൃത രൂപമുണ്ടായത്.
ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും റോള്‍ ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥങ്ങളില്‍ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.മുസ്ലീം ലീഗും ഹിന്ദു മഹാസഭയും വര്‍ഗീയ സംഘടനകള്‍ മാത്രമല്ല രാജ്യദ്രോഹ സംഘടനകളുമാണെന്ന് അക്കാലത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഗോപാലകൃഷ്ണ ഗോഖലെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
1993 ല്‍ ഫ്രണ്ട് ലൈന്‍ ദ്വൈവാരിക പ്രസിദ്ധീകരിച്ച ഗോപാല്‍ ഗോഡ്സെയുമായുള്ള അഭിമുഖത്തില്‍ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഗാന്ധി വധവും വിശദാംശങ്ങളോടെ പ്രതിപാദിച്ചിട്ടുണ്ട്.
ഗാന്ധി വധത്തിന്റെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഡല്‍ഹിയിലെ തുഗ്ലക്ക് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദാലു റാമിന്റെയും അന്വേഷണ ചുമതല വഹിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ ജി.ഡി നാഗര്‍വാലയുടെയും കേസ് ഡയറിയും കണ്ടെത്തലുകളും ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും പങ്കിനെ കൃത്യമായി തന്നെ സൂചിപ്പിക്കുന്നതായും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ഗോഡ്സെ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു വേണ്ടി ഹിന്ദുമഹാസഭ ഡിഫന്‍സ് കമ്മറ്റി തന്നെ ഉണ്ടാക്കിയതും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി കഴിഞ്ഞു.
2019 ല്‍ മോദിയുടെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്ന സംഘ പരിവാര്‍ സ്വപ്നം ‘രണ്ടാം ഗാന്ധി വധ’ ആവിഷ്‌ക്കാര സംഭവത്തിലൂടെ പൊളിച്ചടുക്കാമെന്ന പ്രതീക്ഷയോടെ ശക്തമായ കടന്നാക്രമണങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ നടക്കുന്നത്.ഈ സംഭവം തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കുടുംബയോഗങ്ങളിലും ഉന്നയിക്കാന്‍ സി.പി.എം തീരുമാനിച്ചു കഴിഞ്ഞു.
political reporter