തിരുവനന്തപുരം: പൂന്തുറയില്‍ രോഗം പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് കച്ചവടത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നതെന്നും ശൈലജ പറഞ്ഞു. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും പാലിച്ചാല്‍ തന്നെ രോഗ വ്യാപനം കുറക്കാനാകുമെന്നും മന്ത്രി.
തിരുവനന്തപുരം നഗരത്തില്‍ ഇത്രയേറെ രോഗം പകര്‍ന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാല് ക്ലസ്റ്ററുകളില്‍ നിന്നാണ്. സൂപ്പര്‍ സ്പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിര്‍ത്തി വഴി സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പര്‍ക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാര്‍ക്കറ്റില്‍ രോഗം പകര്‍ന്നതും ഇതര സംസ്ഥാനക്കാരില്‍ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം പൂന്തുറയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘര്‍ഷമുണ്ടായതിനെ മന്ത്രി വിമര്‍ശിച്ചു. ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ ആരാണ് പ്രേരിപ്പിച്ചതെന്ന അറിയില്ല, പക്ഷെ ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെ ശരിയല്ലാത്ത പ്രചരണമുണ്ടായിയെന്ന് മന്ത്രി പറഞ്ഞു. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റാണ് വേണ്ടതെന്നാണ് പ്രചാരണം നടന്നത്. രണ്ടും ഒന്നുതന്നെയാണ്. പക്ഷെ ആര്‍ടി പിസിആര്‍ മെഷീന്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്പോള്‍ ആറ് മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്നത് ആന്റിജന്‍ ടെസ്റ്റില്‍ അര മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്റിജന്‍ പരിശോധനയുടെ റിസള്‍ട്ട് വിശ്വസിക്കാന്‍ പറ്റുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.