തിരുവനന്തപുരത്തെ പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രദേശവാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് വ്യാപനമുണ്ടായതിനെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരത്തെ പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രദേശവാസികളുടെ പ്രതിഷേധം. കോവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ റോഡിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. അധികൃതര്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പൂന്തുറയില്‍ പരിശോധിച്ച 500 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.

Top