ശുചിത്വത്തിലും അനാസ്ഥ ! സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിയത് മോശം കയ്യുറകള്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ നാടെങ്ങും ഭീതിപരത്തുമ്പോള്‍ അടിസ്ഥാന ശുചിത്വകാര്യങ്ങളില്‍ പോലും ഗവണ്‍മെന്റ് അനാസ്ഥ. സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ വാങ്ങിയ 1.61 കോടി കയ്യുറകള്‍ക്കു മതിയായ ഗുണമേന്മയില്ലെന്നാണ് ആരോപണം.

നിപ്പ വൈറസും പകര്‍ച്ചപ്പനിയും ഭീതി വിതയ്ക്കുമ്പോഴാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനുവേണ്ടി മാനദണ്ഡങ്ങള്‍ പാലിക്കാത്ത കയ്യുറകള്‍ വാങ്ങിക്കൂട്ടിയത്. കരാര്‍ നല്‍കിയ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ഇതേക്കുറിച്ചു ചിലര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആരംഭിച്ചില്ല.

മൂന്നുവര്‍ഷം 50 കോടി രൂപയുടെ വിറ്റുവരവ്, ഐഎസ്‌ഐ അംഗീകാരം എന്നിവയുള്ള കമ്പനികള്‍ക്കു മാത്രമേ കരാറില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ആദ്യമായി കരാറില്‍ പങ്കെടുക്കുന്ന കമ്പനിയാണെങ്കില്‍ കോര്‍പറേഷന്‍ നിയോഗിക്കുന്ന സമിതി ഫാക്ടറി പരിശോധിക്കും.

കോര്‍പറേഷന്റെ ടെന്‍ഡറില്‍ ആദ്യമായി പങ്കെടുക്കുന്ന കോട്ടയത്തെ ഒരു കമ്പനിയാണു കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മിക്കുന്ന കയ്യുറകളുടെ ഉല്‍പാദനച്ചെലവിന്റെയത്ര പോലും വരാത്ത നിരക്കില്‍ കരാര്‍ കൊടുത്തതില്‍ കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്കു സംശയം ഉണ്ടായിരുന്നു. ആദ്യമായി ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനിയെന്ന നിലയ്ക്ക് ഫാക്ടറിപരിശോധന നടത്തണമെന്ന വ്യവസ്ഥ പാലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായില്ല.

കയ്യുറകള്‍ക്കു 0.18 മുതല്‍ 0.30 മില്ലീമീറ്റര്‍ വരെ കനം ഉണ്ടായിരിക്കണം. എന്നാല്‍, കമ്പനി നല്‍കിയ കയ്യുറകള്‍ക്കു 0.10 മില്ലീമീറ്റര്‍ കനമേയുള്ളൂ. ഇത്തരം കയ്യുറകള്‍ ഉപയോഗിക്കുമ്പോള്‍ വേഗത്തില്‍ കീറിപ്പോകും.

ഐഎസ്‌ഐ നിയമപ്രകാരം എല്ലാ കയ്യുറകളിലും ഐഎസ്‌ഐ മുദ്ര ഉണ്ടായിരിക്കണം. എന്നാല്‍, ഈ കയ്യുറകളുടെ കവറില്‍ മാത്രമേ മുദ്രയുള്ളൂ. ഉല്‍പാദിപ്പിച്ച തീയതിയും കാലാവധി കഴിയുന്ന തീയതിയും ഓരോ കയ്യുറകളിലും രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. കയ്യുറകളെല്ലാം കോര്‍പറേഷന്റെ സംഭരണശാലകളില്‍ എത്തിക്കഴിഞ്ഞു.

Top