മലയാള സിനിമയില്‍ എല്ലാവരും ഒരു പോലെ കൗതുകത്തോടെ നോക്കി കാണുന്ന ഒരു കുടുംബമാണ് നടന്‍ സുകുമാരന്റെത്. അഭിനേതാക്കളായ മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, പൃഥിരാജ്, പൂര്‍ണിമ എന്നിവര്‍ക്കൊപ്പം പേരക്കുട്ടികളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയെ കൂടാതെ, ഇന്ദ്രജിത്തും പൃഥിരാജും ബോളിവുഡിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തായ്ഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രാര്‍ത്ഥന ഇന്ദ്രജിത്തിനും ബിടൗണില്‍ കാലെടുത്തു വെയ്ക്കാന്‍ സാധിച്ചിരുന്നു. ഇപ്പോഴിതാ, ഇതിന് പിന്നാലെ സുകുമാരന്‍ കുടുംബത്തില്‍ നിന്നും പൂര്‍ണിമ കൂടി ബോളിവുഡില്‍ അരങ്ങേറുകയാണ്.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ ‘കോബാള്‍ട്ട് ബ്ലൂ’വിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ അരങ്ങേറുന്നത്. 2006ല്‍ മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ സച്ചിന്‍ എഴുതിയ ‘കോബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് കോബാള്‍ട്ട് ബ്ലൂ എന്ന നോവല്‍. അവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന ഒരു യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പ്രമേയം. പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഓപ്പണ്‍ എയര്‍ ഫിലിംസ് നെറ്റ്ഫ്ളിക്സിനു വേണ്ടിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് സംരഭകയായി മാറിയ പൂര്‍ണിമ ആഷിക് അബുവിന്റെ വൈറസ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്. മലയാളത്തില്‍ നിവിന്‍ പോളി നായകനാകുന്ന തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്.