poovarani rape case

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പെണ്‍വാണിഭക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസിയ്ക്ക് 25 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് 6 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസില്‍ അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്തിരുന്നു,

ഒന്നാം പ്രതി അയര്‍ക്കുന്നം മുണ്ടന്‍തറയില്‍ ലിസി, രണ്ടാം പ്രതി തീക്കോയി വടക്കേല്‍ ജോമിനി, മൂന്നാം പ്രതി പൂഞ്ഞാര്‍ ചങ്ങനാരിപറമ്പില്‍ ജ്യോതിസ്, നാലാം പ്രതി പൂഞ്ഞാര്‍ തെക്കേക്കര കൊട്ടാരംപറമ്പ് തങ്കമണി, അഞ്ചാം പ്രതി കൊല്ലം തൃക്കരുവ ഉത്രട്ടാതി സതീഷ് കുമാര്‍, ആറാം പ്രതി തൃശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് രാഖി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഏഴു മുതല്‍ 10 വരെയുള്ള പ്രതികളായ പായിപ്പാട് കണിയാഞ്ഞാലില്‍ ഷാന്‍ കെ.ദേവസ്യ, പായിപ്പാട് എഴുവന്താനം നഗറില്‍ ജോബി ജോസഫ്, തിരുവനന്തപുരം വീരണകാവ് കൃഷ്ണവിലാസത്തില്‍ ദയാനന്ദന്‍, നെയ്യാറ്റിന്‍കര കള്ളിക്കാട്ട് ഹിമജ ഭവനില്‍ ഉല്ലാസ്, വെള്ളിലാപ്പള്ളി ഇഞ്ചനാനില്‍ ജോഷി എന്നിവരെയാണ് വെറുതെ വിട്ടത്. പതിനൊന്നാം പ്രതി രാമപുരം ഇല്ലിക്കല്‍ ബിനോ അഗസ്റ്റിനാണ് ജീവനൊടുക്കിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. അസുഖമാണ് കനിവുണ്ടാവണമെന്നായിരുന്നു ഒന്നാം പ്രതി ലിസിയുടെ അപേക്ഷ. ബാക്കിയുള്ള പ്രതികള്‍ വീട്ടില്‍ വേറെ ആശ്രയത്തിന് ആരുമില്ലായെന്ന് മറുപടി പറഞ്ഞു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ ബന്ധുവായ ലിസി തട്ടിക്കൊണ്ടുപോയി മാസങ്ങളോളം പീഡിപ്പിക്കുകയും സംസ്ഥാനത്തുടനീളം കൊണ്ടുപോയി പലര്‍ക്കും കാഴ്ചവയ്ക്കുകയും അവസാനം എയ്ഡ്‌സ് രോഗം ബാധിച്ച് മരിക്കുകയും ചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ചതായിരുന്നു. 2007 ഓഗസ്റ്റ് മുതല്‍ 2008 മെയ് വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ബന്ധുവായ ലിസിയുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തു. പീഡനത്തിനിടെ എയ്ഡ്‌സ് ബാധിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ചായിരുന്നു പെണ്‍കുട്ടിയുടെ എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, വില്പന നടത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 183 സാക്ഷികളുടെ പട്ടികയും 220 പ്രമാണങ്ങളും 11 തൊണ്ടിസാധനങ്ങളും കോടതിയില്‍ ഹാജരാക്കി. 2014 ഏപ്രില്‍ 29നാണ് പ്രോസിക്യൂഷന്‍ വിചാരണ ആരംഭിച്ചത്. 10 മാസങ്ങള്‍കൊണ്ടാണ് വിചാരണ പൂര്‍ത്തിയായി.

Top