പൊലീസിന്റെ അതിക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനെത്തുടര്‍ന്ന് അമേരിക്കയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പ്രസിഡിന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്.
ട്രംപിന്റെ വംശീയ വിവേചനത്തിന് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി ലഭിക്കുമെന്ന് ഗായിക തുറന്നടിച്ചു. ട്രംപിനെ നവംബറില്‍ വോട്ട് ചെയ്ത് പുറത്താക്കുമെന്നായിരുന്നു ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രതിഷേധ ട്വീറ്റ്.
‘ഭരണകാലയളവില്‍ വെള്ളക്കാരുടെ മേധാവിത്തവും വംശവെറിയും ആളിക്കത്തിച്ചിട്ട്, ഇപ്പോഴത്തെ അക്രമകാരികളെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ധാര്‍മിക അധീശത്വമുണ്ടെന്ന് നടിക്കുകയാണോ? ‘കൊള്ള തുടങ്ങിയാല്‍ വെടിവെപ്പും തുടങ്ങും’ എന്നോ? ഈ നവംബറില്‍ നിങ്ങളെ വോട്ട് ചെയ്തു പുറത്താക്കും,’ എന്നായിരുന്നു ട്വീറ്റ്.
After stoking the fires of white supremacy and racism your entire presidency, you have the nerve to feign moral superiority before threatening violence? ‘When the looting starts the shooting starts’??? We will vote you out in November. @realdonaldtrump
— Taylor Swift (@taylorswift13) May 29, 2020
ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ പട്ടാളത്തെ ഇറക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രാജ്യത്ത് ആളിക്കത്തുന്ന ജനരോഷം ഒരാഴ്ച പിന്നിട്ടിട്ടും നിയന്ത്രിക്കാനായിട്ടില്ല. പലയിടത്തും അക്രമാസക്തമാണ് പ്രതിഷേധം. 6 സംസ്ഥാനങ്ങളിലും 13 വന്‍ നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.