മിലാന്‍: അമേരിക്കയുടെ വിനാശകാരിയായ ഭീമന്‍ ബോംബിന് ‘മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്’ എന്നു പേര് നല്‍കിയതിനെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്.
ഈ പേര് കേട്ടപ്പോള്‍ താന്‍ ലജ്ജിതനായെന്ന് മാര്‍പാപ്പ പറഞ്ഞു. ജീവന്‍ നല്‍കുന്ന ആളാണ് അമ്മ. എന്നാല്‍ ബോംബാകട്ടെ, മരണമാണ് നല്‍കുക. എന്നിട്ടും നാശകാരണമായ വസ്തുവിനെ അമ്മ എന്നു വിളിക്കുന്നു. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍ പോപ്പ് ചോദിച്ചു.
ജിബിയു43 അഥവാ മാസ്സീവ് ഓര്‍ഡ്‌നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) എന്ന ഭീമാകാരമായ ബോംബ് അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേന പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നാണ് ഈ ബോംബിനെ വിശേഷിപ്പിച്ചിരുന്നത്.
അഭയാര്‍ഥിത്വം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളില്‍ അമേരിക്കയുടേതില്‍നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് പോപ്പ് ഫ്രാന്‍സിസ് പുലര്‍ത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മെയ് 24ന് പോപ്പ് കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ബോംബിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോപ്പിന്റെ പ്രസ്താവന.