മംഗോളിയയിലെ സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി

മംഗോളിയയില്‍ ചരിത്രം കുറിച്ച സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങി. ഉലാന്‍ബാത്തറിലെ അഗതികള്‍ക്ക് ആശ്രയമാകുന്ന കാരുണ്യഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും കാരുണ്യഭവനങ്ങള്‍ക്ക് മതപരിവര്‍ത്തന ലക്ഷ്യമില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.

1921 വരെ ചൈനയുടെ ഭാഗമായിരുന്ന മംഗോളിയയിലെ ചെറു കത്തോലിക്കാ സമൂഹത്തെ സന്ദര്‍ശിച്ചതിലൂടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും മാര്‍പാപ്പ ശ്രമിച്ചു. ഞായറാഴ്ച പൊതു കുര്‍ബാനയ്ക്കുശേഷം ചൈനയ്ക്ക് മാര്‍പാപ്പ അയച്ച സന്ദേശം ഇതു വ്യക്തമാക്കുന്നു. ചൈനയിലെ കത്തോലിക്കരോട് നല്ല പൗരന്മാരും നല്ല ക്രൈസ്തവരും ആകണമെന്നായിരുന്നു സന്ദേശത്തിലെ ആഹ്വാനം. മാര്‍പാപ്പയുടെ സന്ദേശത്തെ ചൈന സ്വാഗതം ചെയ്തു.

അതേസമയം മാര്‍പ്പാപ്പയുടെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു ഡസനോളം ചൈനീസ് കത്തോലിക്കാ വിശ്വാസികള്‍ മാര്‍പാപ്പയുടെ അനുഗ്രഹത്തിനായി സുരക്ഷാവലയം ഭേദിക്കാന്‍ ശ്രമിച്ചു. ഒരു സ്ത്രീ മാര്‍പാപ്പയുടെ വാഹനത്തിനരികെയെത്തി ആശീര്‍വാദം സ്വീകരിച്ചു.

Top