മ്യാന്‍മര്‍: കലാപങ്ങള്‍ നടമാടുന്ന മ്യാന്‍മറില്‍ ശാന്തിദൂതുമായി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എത്തും.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പ ആദ്യമായാണു മ്യാന്‍മറിലെത്തുന്നത്.
കലാപങ്ങളുടെ ഈറ്റില്ലമായ ഈ ചെറുരാജ്യത്തു മാര്‍പാപ്പ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തൊക്കെയാണെന്നു ലോകം കണ്ണും കാതും തുറന്നു കാത്തിരിക്കുകയാണ്.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം പറയുമെന്നും പറയണമെന്നും ആഗോളസമൂഹം അതിയായി ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍, വിവാദപരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നാണു രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമുള്ള കത്തോലിക്കാ ന്യൂനപക്ഷത്തിന്റെ ആഗ്രഹം.
മ്യാന്‍മറില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും അവരുടെ പ്രതിനിധികളെയും കാണാന്‍ മാര്‍പാപ്പയ്ക്കു പരിപാടിയില്ല.
എങ്കിലും പാപ്പയുമൊത്തു മതസംവാദത്തില്‍ പങ്കെടുക്കുന്നവരില്‍ മുസ്ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നു സിബിസിഎം വക്താവ് ഫാ. മരിയാന സൊ നയിങ് പറഞ്ഞു.
ഇന്നു യാങ്കൂണ്‍ വിമാനത്താവളത്തിലിറങ്ങുന്ന മാര്‍പാപ്പ, താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ ആറിടങ്ങളില്‍ ജനക്കൂട്ടത്തെ ആശീര്‍വദിച്ചാണു നീങ്ങുക.
നാളെ രാഷ്ട്ര നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തുക.
30നു ബംഗ്ലദേശിലെത്തുന്ന മാര്‍പാപ്പ റോഹിങ്ക്യന്‍ പ്രതിനിധികളുമായി ആശയവിനിമയത്തിനു സമയം കണ്ടെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ അവസരത്തില്‍ മാര്‍പ്പാപ്പ എന്ത് പ്രസ്താവന നടത്തുമെന്ന് കാതോര്‍ത്തിരിക്കുകയാണ് ലോകം.