വത്തിക്കാൻ സിറ്റി : പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ മാറ്റത്തിന്റെ അപകടവും സംബന്ധിച്ച് 2015 ൽ പുറപ്പെടുവിച്ച ചാക്രികലേഖനം കാലികമാറ്റങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ച് ഇറക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷക സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം വ്യക്തമാക്കുന്നതും പരിസ്ഥിതി നാശം കുറയ്ക്കുന്നതിന് പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതുമായ ലൊദാത്തോ സി (സ്തുതിക്കപ്പെടട്ടെ) എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവർത്തകർ ഏറെ സ്വാഗതം ചെയ്തിരുന്നു. പിറ്റേവർഷം പാരിസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ആഗോള താപനം കുറയ്ക്കാനുള്ള നടപടികൾക്കു തുടക്കമിടാൻ ഇതു സ്വാധീനമാവുകയും ചെയ്തു.