പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; 31 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ 31 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഓഗസ്റ്റ് 10ന് പോപ്പുലര്‍ ഫിനാന്‍സ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേല്‍, മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 31 കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്.

പോപ്പുലര്‍ ഗ്രൂപ്പിന്റെ കീഴില്‍ കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാറുകളുടെ മൂല്യം രണ്ടുകോടിയാണ്. ഇവരുടെ വിവിധ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ എന്നിവ ചേര്‍ത്താണ് 31 കോടി രൂപ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.

രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവര്‍ ക്രമക്കേട് നടത്തിയത്. 1600ഓളം പേരില്‍ നിന്നായി സ്വര്‍ണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകള്‍ ഇത് സംബന്ധിച്ച് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. കേസിലെ സുപ്രധാനമായ ഒരു നടപടിയാണ് ഇ.ഡി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

 

Top