തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്താനും സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അഡീണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെടുക്കുന്നത്. ആഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവന്‍ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിറ്റിയുടെ ആദ്യനടപടി.
അടുത്ത ഘട്ടത്തില്‍ മുഴുവന്‍ സ്വത്തുകളും സര്‍ക്കാര്‍ കണ്ടുകെട്ടും. തുടര്‍ന്ന് സ്വത്തുവകകള്‍ ലേലം ചെയ്‌തോ വില്‍പന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ റിപ്പോര്‍ട്ടിലാണ് ഈ സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികള്‍ വില്‍പന നടത്തിയ സ്വത്തുകള്‍ കണ്ടുകെട്ടാനും വില്‍ക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാവും.