കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയുമാണ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിക്ഷേപകരില്‍ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികള്‍ നടത്തിയിരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകള്‍ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതില്‍ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.
കേസില്‍ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകള്‍ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.