ഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് നിരോധനം. പിഎഫ്‌ഐക്കും 8 അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽറെ ഉത്തരവിൽ പറയുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകർക്കുന്ന നിലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം. ദേശിയ സുരക്ഷാ ഏജൻസി പിഎഫ്‌ഐയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങൾ പിഎഫ്‌ഐയുടെ നിരോധനത്തിനായി ആവശ്യപ്പെട്ടു എന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് പിഎഫ്‌ഐയ്ക്ക് എതിരെ ഉണ്ടായിരുന്നത്. ഒന്നാമത്തേത് ഭീകരവാദം, രണ്ടാമത്തേത് ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം നടത്തി, മൂന്നാമത്തേത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി പരിശീലനം നടത്തി എന്നിവ. ഈ ആരോപണങ്ങളാണ് ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരുന്നത്.
രാജ്യവ്യാപകമായി കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ 250ഓളം പിഎഫ്‌ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു . കേരളത്തിൽ നിന്നുള്ള നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.