പട്ന : ഫുൽവാരി ഷെരീഫ് തീവ്രവാദ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് റിയാസ് മാരൂഫിനെ ബിഹാർ പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് ചമ്പാരനിലെ സുഭാഷ് ചൗക്കിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്ത ഫുൽവാരി ഷെരീഫ് കേസിലെ പ്രതിയാണ് റിയാസ്. കഴിഞ്ഞ വർഷം ജൂലൈ 12നു ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. റിയാസിനായി എൻഐഎയും ബിഹാർ ഭീകര വിരുദ്ധ സ്ക്വാഡും (എടിഎസ്) ചമ്പാരൻ മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ബിഹാർ സംസ്ഥാന സെക്രട്ടറിയായിരുന്ന റിയാസ് മാരൂഫിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നതായി ഈസ്റ്റ് ചമ്പാരൻ എസ്പി കാന്തേഷ് കുമാർ മിശ്ര അറിയിച്ചു.