യുകെയിലേയും, യുഎസിലേയും അധികൃതരുമായുള്ള ഏറെനാള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് മൈക്രോസോഫ്റ്റ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെ ഏറ്റെടുത്തത്. കോള്‍ ഓഫ് ഡ്യൂട്ടി, വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്, ഡയബ്ലോ, കാന്‍ഡി ക്രഷ് തുടങ്ങിയ ഗെയിമുകളുടെ പ്രസാധകരാണ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്. 6870 കോടി ഡോളറിനാണ് (5.73 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ആക്ടിവിഷനെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്നിരുന്നു.
മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടാണിത്. 2016 ല്‍ 2600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്‍ ഏറ്റെടുത്തത്. 2021 ല്‍ ഗെയിമിങ് കമ്പനിയായ ‘ബത്തേസ്ഡ’ യെ ഏറ്റെടുത്തത് 750 കോടി ഡോളറിനാണ്. ആക്ടിവിഷന്‍ ബ്ലിസാര്‍ഡിനെയും അവരുടെ ടീമിനേയും എക്സ് ബോക്സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്സ്ബോക്സ് മേധാവി ഫില്‍ സ്പെന്‍സര്‍ പറഞ്ഞു.
ഇതുവഴി ടെന്‍സെന്റിനും, സോണിക്കും പിന്നില്‍ ഏറ്റവും വലിയ മൂന്നാമത്തെ ഗെയിമിങ് കമ്പനിയായി തങ്ങള്‍ മാറുമെന്നാണ് മൈക്രോസോഫ്റ്റ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഗെയിമിങ് രംഗത്തേക്ക് മൈക്രോസോഫ്റ്റിന്റെ വലിയൊരു നീക്കം കൂടിയാണിത്.