സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ശരാശരി രണ്ടര മണിക്കൂര്‍ ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി സേര്‍ച്ച് ചെയ്തിട്ടുള്ളത്. സ്‌നാപ്ചാറ്റ് (1.28 ലക്ഷം), എക്‌സ് (12.3 ലക്ഷം), ടെലഗ്രാം (71,700), ഫെയ്സ്ബുക്ക് (49,000), ടിക് ടോക്ക് (24,900), യുട്യൂബ് (12,500), വാട്സ്ആപ്പ് (4,950), വിചാറ്റ് (2,090) എന്നിങ്ങനെയാണ് കണക്ക്.ഫോട്ടൊ ഷെയറിങ് പാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഏറെക്കാലമായി ഉയര്‍ന്നു തന്നെയായിരുന്നു. എന്നാല്‍ പരസ്യങ്ങളുടെ വരവും ബ്രാന്‍ഡുകളുടെ കടന്നുകയറ്റവും ഉപയോക്താക്കളുടെ ആസ്വാദനത്തെ ബാധിച്ചതായാണ് ഗവേഷകര്‍ പറയുന്നത്. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്.
അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന് പ്രതിദിന ഉപയോക്താക്കളില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമാണ് കൂടുതല്‍ പേരും ഡിലീറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്.