ജനസംഖ്യാ നിയന്ത്രണം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം കുറയ്ക്കും: ജയറാം രമേശ്

ന്യൂഡല്‍ഹി: ജനസംഖ്യ നിയന്ത്രണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതവും പാര്‍ലമെന്റ് സീറ്റുകളും കുറയാന്‍ കാരണമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് ഈ ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.

കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. അഞ്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം കൂടി ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 15 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയും. എന്നാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ മാത്രം ജനസംഖ്യ 40 ശതമാനത്തില്‍ നിന്ന് 44 ശതമാനമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമൂലം കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക വിഹിതം കുറയകയും പാര്‍ലമെന്റില്‍ നിരവധി സീറ്റുകള്‍ ഇക്കാരണത്താല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം യു.പി.എ സര്‍ക്കാരില്‍ പരിസ്ഥിതി, വനം, ഗ്രാമവികസനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ജയറാം രമേശ്, ഒരു സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്.

Top