സിനിമാപ്രേമികൾക്കിടയിൽ എക്കാലവും താൽപര്യം ഉണർത്തിയിട്ടുള്ള ജോണര്‍ ആണ് ത്രില്ലര്‍ സിനിമകള്‍. എന്നാല്‍ ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള ത്രില്ലറുകള്‍ സിനിമകളായും സിരീസുകളായും കാണുന്ന ഇന്നത്തെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക സംവിധായകന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യവുമാണ്. അതിനാല്‍ത്തന്നെ ഏറെ സൂക്ഷിച്ച് മാത്രമാണ് സംവിധായകര്‍ ഇന്ന് ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്നത്. ഇപ്പോഴിതാ തമിഴ് സിനിമയില്‍ നിന്ന് ഒരു ത്രില്ലര്‍ ചിത്രം കൈയടി നേടുകയാണ്. വിഗ്നേഷ് രാജ സംവിധാനവും സഹരചനയും നിര്‍വ്വഹിച്ചിരിക്കുന്ന പോര്‍ തൊഴില്‍ എന്ന ചിത്രമാണ് അത്.
ശരത് കുമാറും അശോക് സെല്‍വനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (ജൂണ്‍ 9) തിയറ്ററുകളില്‍ എത്തിയത്. റിലീസ് ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്ന് 93 ലക്ഷം മാത്രം നേടിയ ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയെ തുടര്‍ന്ന് ശനി, ഞായര്‍ ദിനങ്ങളില്‍ കളക്ഷനില്‍ ഇരട്ടിയിലേറെ വര്‍ധന നേടി. ശനിയാഴ്ച 2.17 കോടിയും ഞായറാഴ്ച 2.65 കോടിയുമാണ് നേട്ടം. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 5.75 കോടി. തമിഴ്നാട്ടില്‍ നിന്ന് മാത്രമുള്ള കണക്കാണ് ഇത്. കേരളമുള്‍പ്പെടെയുള്ള മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്. ഒപ്പം പുതിയ വിദേശ വിപണികളിലേക്കും എത്തുന്നു.
നിഖില വിമല്‍ നായികയായ ചിത്രത്തില്‍ ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ്, ഇ 4 എക്സ്പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം.