ഇന്ത്യന്‍ സിനിമയില്‍ ഇക്കാലത്ത് ചര്‍ച്ചയാവുന്നത് വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകളാണ്. എന്നാല്‍ ഉള്ളടക്കത്തിന്റെ പ്രത്യേകതയും അവതരണ മികവും കൊണ്ട് ചില ചെറിയ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ വലിയ വിജയം നേടാറുണ്ട്. ഏത് ഭാഷാ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും അപൂര്‍വ്വമായി സംഭവിക്കുന്നതാണിത്. കോളിവുഡില്‍ ആ നിരയില്‍ നിര്‍ത്താവുന്ന ഒരു ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും വിജയമാണ് ആ ചിത്രം.
ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ ആണ് ആ ചിത്രം. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂണ്‍ 9 ന് ആണ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 17 ദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയത് 23 കോടി രൂപയോളമാണ്. ഒന്നാം നിര സൂപ്പര്‍താരങ്ങളില്ലാത്ത, താരതമ്യേന ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രത്തെ സംബന്ധിച്ച് വലിയ വിജയമാണ് ഇത്. അതേസമയം കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 5.7 കോടി രൂപയാണ്. സമീപകാലത്തിറങ്ങിയ ഭൂരിഭാഗം മലയാള ചിത്രങ്ങള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള കളക്ഷനാണ് ഇത്.
2018 ന്റെ വന്‍ വിജയത്തിനു ശേഷമിറങ്ങിയ ഭൂരിഭാഗം മലയാള സിനിമകളെയും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞപ്പോഴാണ് കേരളത്തിലും ഈ തമിഴ് ചിത്രം കളക്ഷന്‍ നേടുന്നത് എന്നതാണ് ശ്രദ്ധേയം. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 51 സ്ക്രീനുകളില്‍ ആയിരുന്നു. എന്നാല്‍ ജനപ്രീതിയെത്തുടര്‍ന്ന് രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക് ചിത്രം പ്രദര്‍ശനം വ്യാപിപ്പിച്ചിരുന്നു. നിഖില വിമല്‍ നായികയായ ചിത്രത്തില്‍ ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ്, ഇ 4 എക്സ്പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം.