കോഴിക്കോട്: സി.പി.എം അനുകൂല ഫെയ്സ്ബുക്ക് പേജായ ‘പോരാളി ഷാജി’ക്ക് ബദലുമായി കോണ്‍ഗ്രസ്. ‘പോരാളി വാസു’ എന്ന ഫെയ്സ്ബുക്ക് പേജാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്. പോരാളി ഷാജി പേജില്‍ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. വാസു വന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തിഅയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ അംഗങ്ങള്‍.
എതിരാളികള്‍ക്കു നേരെ കുറിക്കുകൊള്ളുന്ന ട്രോളുകള്‍ അവതരിപ്പിക്കുക, നേതാക്കളുടെ പ്രസംഗങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ഇരു പേജുകളും ചെയ്യുന്നത്. തിരഞ്ഞെടുപ്പുകാലമായതോടെ പാര്‍ട്ടികളുടെ സൈബര്‍ പോരാളികള്‍ക്കും തിരക്കേറിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ നേതാക്കള്‍ക്ക് സ്വീകാര്യത ഉറപ്പാക്കുക, എതിരാളികളുടെ മുന്‍കാല പോസ്റ്റുകളും നയവ്യതിയാനങ്ങളും കുത്തിപ്പൊക്കുക തുടങ്ങിയ ചുമതലകളും ഇത്തരം പേജുകള്‍ നിര്‍വഹിക്കാറുണ്ട്.
സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്. എന്റെ കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് മിഷന്‍ 2019, ഒരുമയോടെ യു ഡി എഫ് തുടങ്ങിയവയാണ് കോണ്‍ഗ്രസ് അനുകൂല പേജുകള്‍.