പോര്‍ഷെയുടെ മക്കാന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

പോര്‍ഷെയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ മക്കാന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 69.98 ലക്ഷം രൂപ മുതലാണു 2019 മക്കാന്റെ ഷോറൂം വില. മക്കാന്‍, മക്കാന്‍ എസ് എന്നീ വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള എസ്.യു.വിയുടെ മുന്തിയ പതിപ്പിന്റെ ഷോറൂം വില 85.03 ലക്ഷം രൂപയാണ്. നിലവിലുള്ള മക്കാനെ അപേക്ഷിച്ച് 10.40 ലക്ഷം രൂപ വിലക്കിഴിവോടെയാണു പരിഷ്‌കരിച്ച പതിപ്പിന്റെ വരവ്.

പോര്‍ഷെയുടെ സമകാലിക ഡിസൈന്‍ ഭാഷയോടു നീതി പുലര്‍ത്തുംവിധത്തില്‍ രൂപകല്‍പ്പനയിലെ മാറ്റത്തോടെയാണ് ‘2019 മക്കാന്‍’ എത്തുന്നത്. സ്‌പോര്‍ട്ടി ശൈലിയില്‍ നവീകരിച്ച മുന്‍ ഗ്രില്‍, പരിഷ്‌കരിച്ച എല്‍ ഇ ഡി ഹെഡ്‌ലാംപ്, 21 ഇഞ്ച് വീല്‍ തുടങ്ങിയവയൊക്കെ കാറിലുണ്ട്. പുതിയ ‘കയീന്‍’, ‘911’ എന്നിവയിലെ പോലെ പോര്‍ഷെ ചിഹ്നവുമായി സംയോജിപ്പിച്ച എല്‍ ഇ ഡി ടെയില്‍ലൈറ്റുകളാണു ‘മക്കാനി’ലുമുള്ളത്. നാലു നിറങ്ങളിലാണു കാര്‍ വില്‍പ്പനയ്ക്കുള്ളത്: മംബ ഗ്രീന്‍ മെറ്റാലിക്, ഡോളൊമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, ക്രയോണ്‍.

പുതിയ മക്കാന്റെ അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ക്കു പഞ്ഞമില്ല; പുത്തന്‍ രൂപകല്‍പ്പനയുള്ള ഡാഷ്‌ബോഡില്‍ വലിപ്പമേറിയ, 10.9 ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം ഇടംപിടിക്കുന്നു. പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനൊപ്പം ആപ്പ്ള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെയാണ് ഈ സംവിധാനത്തിന്റെ വരവ്. കാറിലെ ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍ ‘911’ല്‍ നിന്നു കടംകൊണ്ടതാണ്. ഒപ്പം മറ്റു മോഡലുകളിലെ പോലെ ഇരട്ട ഡിജിറ്റല്‍ സ്‌ക്രീന്‍, ഗീയര്‍ ഷിഫ്റ്ററിനു ചുറ്റുമുള്ള ടച് കണ്‍ട്രോള്‍ തുടങ്ങിയവയും ‘മക്കാനി’ലുണ്ട്. ഓണ്‍ലൈന്‍ നാവിഗേഷന്‍, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയും കാറിലുണ്ട്.

മക്കാനു കരുത്തേകുന്നത് രണ്ടു ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ്, നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 252 ബി എച്ച് പിയോളം കരുത്തും 370 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. സ്‌പോര്‍ട് ക്രോണോ പാക്കേജിന്റെ പിന്‍ബലത്തില്‍ 6.7 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 227 കിലോമീറ്ററാണ്. അതേസമയം ‘മക്കാന്‍ എസി’നു കരുത്തേകുന്നത് മൂന്നു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി സിക്‌സ് പെട്രോള്‍ എന്‍ജിനാണ്; 354 ബി എച്ച് പിയോളം കരുത്തും 480 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 5.3 സെക്കന്‍ഡിനകം നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കുന്നകാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 254 കിലോമീറ്ററാണ്. ഇരു മോഡലുകളിലും ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാന്‍സ്മിഷനാണ്; ഒപ്പം ഓള്‍ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

Top