ലക്‌സംബര്‍ഗിനെ തകര്‍ത്ത് യുറോകപ്പിന് യോഗ്യത നേടി പോര്‍ച്ചുഗല്‍

ലിസ്ബണ്‍: ജര്‍മ്മനിയില്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടി പോര്‍ച്ചുഗല്‍. ലക്‌സംബര്‍ഗിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്താണ് പറങ്കിപ്പട യൂറോകപ്പിന് ടിക്കറ്റ് എടുത്തത്. യോഗ്യത റൗണ്ടില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചാണ് പോര്‍ച്ചുഗീസ് മുന്നേറ്റം. പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലക്‌സംബര്‍ഗിനെതിരെ നടന്ന മത്സരത്തില്‍ നേടിയത്.

സ്ലൊവാക്കിയായ്‌ക്കെതിരായ മത്സരത്തില്‍ മഞ്ഞകാര്‍ഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്‌സംബര്‍ഗിനെതിരെ കളിച്ചിരുന്നില്ല. സൂപ്പര്‍താരം ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗലിന്റെ പ്രകടനം ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി മുന്‍നിരയില്‍ ഗോണ്‍സാലോ റാമോസ് ആണ് കളിച്ചത്. ബെര്‍ണാഡോ സില്‍വയും ബ്രൂണോ ഫെര്‍ണാണ്ടസും ഡിഫന്‍സീവ് മധ്യനിരയില്‍ കളിച്ചു. ആശങ്കകളെ അകറ്റി 12-ാം മിനിറ്റില്‍ ഗോണ്‍സാലോ ഇനാസിയോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു.

ക്രിസ്റ്റ്യാനോയുടെ പകരക്കാരനായ ഗോണ്‍സാലോ റാമോസ് 17-ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ലീഡ് ഉയര്‍ത്തി. 33-ാം മിനിറ്റില്‍ റാമോസ് വീണ്ടും വലചലിപ്പിച്ചു. ആദ്യ പകുതി മൂന്ന് ഗോളുകളുടെ ലീഡല്‍ പോര്‍ച്ചുഗല്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗീസ് പടയോട്ടം കൂടുതല്‍ ശക്തമായത്. ഡിയോഗോ ജോട്ടയും ജാവോ ഫെലിക്സും റിക്കാര്‍ഡോ ഹോര്‍ട്ടയും തുടങ്ങി പോര്‍ച്ചുഗലിന്റെ ആറ് താരങ്ങള്‍ ഗോളുകള്‍ നേടി.

Top