ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ഗട്ടേഴ്‌സ് തെരെഞ്ഞെടുക്കപ്പെട്ടു. ഗട്ടറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സുരക്ഷാ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ബാന്‍കിമൂണ്‍ അധികാരമൊഴിയുനന പശ്ചാത്തലത്തിലാണ് ഗട്ടേഴ്‌സിന്റെ പേര് പരിഗണിക്കപ്പെട്ടത്.
ഗട്ടേഴ്‌സ് ഉള്‍പ്പെടെ 10 പേരുകളാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ അംഗരാജ്യങ്ങളുടെ എതിര്‍പ്പില്ലാതിരുന്നത് ഗട്ടേഴ്‌സിന് മാത്രമായിരുന്നു. 13 രാജ്യങ്ങള്‍ ഗട്ടേഴ്‌സിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 2 പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ബള്‍ഗേറിയയില്‍ നിന്നുള്ള ഇയു ബജറ്റ് കമ്മീഷണര്‍ ക്രിസ്റ്റലിന ജോര്‍ജ്ജിയേവയായിരുന്നു ഗട്ടേഴ്‌സിന്റെ പ്രധാന എതിരാളി. എന്നാല്‍ എതിര്‍പ്പില്ലാതെ ഗട്ടേഴ്‌സിന്റെ പേര് അംഗീകരിക്കപ്പെട്ടതിലൂടെ സെക്രട്ടറി ജനറല്‍സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത എത്താനുള്ള സാധ്യത ഇല്ലാതായി.
രണ്ട് ടേമിലായി ഒരു പതിറ്റാണ്ട് കാലം ഐക്യരാഷ്ട്രസഭയെ നയിച്ച ബാന്‍കിമൂണ്‍ 2017 ജനുവരിയില്‍ പദവി ഒഴിയുന്നതോടെ ഗട്ടേഴ്‌സ് അധികാരത്തിലെത്തും. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്നു ഗട്ടേഴ്‌സ്. 2005 മുതല്‍ 2015 വരെ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാനുള്ള യുഎന്‍ സമിതിയുടെ ഹൈക്കമ്മീഷണറുമായി. സോഷ്യലിസ്റ്റ് പക്ഷക്കാരനായ ഗട്ടേഴ്‌സ് അന്താരാഷ്ട്ര വിഷയങ്ങളിലെ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനാണ്.