കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കും, യുപി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ചയാണ് നിര്‍ദേശം നല്‍കിയത്. ഈ മുന്നേറ്റം പൂര്‍ണ്ണമായും വിജയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബാക്കിയുള്ള തൊഴിലാളികളെക്കൂടി തിരികെ കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ ക്രിയാത്മക സഹകരണത്തോടെ ഇത് തുടരുകയാണെങ്കില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ ശക്തിയാര്‍ജിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. തിരിച്ചെത്തിക്കുന്ന തൊഴിലാളികളെ 14 ദിവസം സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ നീരീക്ഷണത്തില്‍ വെയ്ക്കും.

Top