ബിനീഷ് കോടിയേരി ഉച്ചയോടെ തിരുവനന്തപുരത്തെത്തും; ഇഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലിന് സാധ്യത

തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ ബിനാമി ഇടപാടില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്.

കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നില്‍ ബി ജെ പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.

ശനിയാഴ്ച രാത്രി എട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരന്‍ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചിതനായത്.

ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയത് കാരണമാണ് വെള്ളിയാഴ്ച ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണമെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. ഇതിനായി രണ്ട് കര്‍ണാടക സ്വദേശികളെ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ജാമ്യവ്യവസ്ഥകള്‍ കണ്ട് അവര്‍ പിന്മാറി. പിന്നീട് രണ്ടുപേരെ കണ്ടെത്തി കോടതിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു.

Top